അഞ്ച്​​ കൊല്ലത്തിന്​ ശേഷം കുടുംബം ഒന്നിച്ചു

കോഴിക്കോട്​: അഞ്ച്​ വർഷം മുമ്പ്​ നാടുവിട്ട്​ മൂന്ന്​ കൊല്ലമായി കോഴിക്കോട്​ മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പുണെ ചിന്ത്​വഡ്​ഗൺ സ്വദേശിനി കല്യാണി ശർമ (58) കുടുംബത്തോടൊപ്പം നാട്ടിലേക്ക്​ മടങ്ങി. വഴി തെറ്റി നഗരത്തിൽ കണ്ട അവരെ 2019 ജൂലൈ ഏഴിന്​ പൊലീസ്​ കോടതി മുഖേന ആശുപത്രിയിലാക്കുകയായിരുന്നു. അനാഥ സ്ത്രീയായി കഴിഞ്ഞ അവരുമായി സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിലുള്ള സംഘം സംസാരിച്ച ശേഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ ബന്ധുക്കളെ കണ്ടെത്തിയത്​. പുണെയിലാണ്​ വീട്​ എന്ന്​ മാത്രമേ ഇവർക്ക്​ ഓർമയുണ്ടായിരുന്നുള്ളൂ. ഏറ്റവുമൊടുവിൽ 2017ൽ ഇതേ പേരുള്ള സത്രീയെ കാണാതായ പരാതിയുള്ള കാര്യം മനസ്സിലാക്കി ഉയർന്ന പൊലീസ്​ ഉദ്യോഗസ്​ഥരുമായി ബന്ധപ്പെട്ടാണ്​ ബന്ധുക്കളെ കണ്ടെത്തിയത്​ . കോഴിക്കോട്ടെത്തിയ മക്കൾ പ്രിയങ്കക്കും പ്രണവിനുമൊപ്പമാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. നേരത്തേ ഇവർ അധ്യാപികയായി ജോലി ചെയ്തിരുന്നു. അമ്മയെ തിരിച്ചു​ കിട്ടിയതിൽ കുടുംബം നഗരത്തിലെ സന്നദ്ധ പ്രവർത്തകർക്ക്​ നന്ദി പറഞ്ഞു. വിമാനത്തിലാണ്​ നാട്ടിലേക്ക് മടങ്ങിയത്​. സൂപ്രണ്ട്​ ഡോ. രമേശന്‍റെ നേതൃത്വത്തിൽ കുടുംബത്തിന്​ ​ആശുപത്രി പരിസരത്ത്​ ഊഷ്മള യാത്രയയപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.