പാനൂർ: കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഹയർ സെക്കൻൻഡറി പരീക്ഷ നടത്തിപ്പുമായുണ്ടായ വിവാദങ്ങളിൽനിന്ന് പാഠം പഠിക്കാതെ ഹയർ സെക്കൻഡറി വകുപ്പ്. ജൂൺ മാസം രണ്ടാം തീയതി ആരംഭിക്കുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി മോഡൽ പരീക്ഷ ഒരു രീതിയിലും പൊതു പരീക്ഷയുടെ മോഡലാവുന്നില്ലെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതി. ഒരു ദിവസം രാവിലെയും ഉച്ചക്കുമായി കുട്ടിയെക്കൊണ്ട് രണ്ട് മോഡൽ പരീക്ഷ എഴുതിക്കുന്നതിനെതിരെ കഴിഞ്ഞ അക്കാദമിക വർഷവും വിദ്യാർഥികളും അധ്യാപകരും പ്രതിഷേധിച്ചെങ്കിലും വീണ്ടും ഇതേ നടപടി തുടരാനാണ് വകുപ്പ് നീക്കം. ജൂൺ രണ്ടിന് തുടങ്ങുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷയിൽ ജൂൺ രണ്ട് രാവിലെ കമ്പ്യൂട്ടർ സയൻസ് പരീക്ഷ എഴുതുന്ന വിദ്യാർഥി ഉച്ചക്ക് കെമിസ്ട്രിയും സോഷ്യോളജി എഴുതുന്നയാൾ ഉച്ചക്ക് ഹിസ്റ്ററിയും എഴുതണം. മൂന്നിന് രാവിലെ കണക്ക് പരീക്ഷയും ഉച്ചക്ക് ഉപഭാഷയും എഴുതണം. നാലിന് രാവിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷനും ഉച്ചക്ക് അക്കൗണ്ടൻസിയുമുണ്ട്. ആറിന് രാവിലെ ഇംഗ്ലീഷ് എഴുതുന്ന കുട്ടി തന്നെ ഉച്ചക്ക് ഇക്കണോമിക്‌സോ ഫിസിക്സോ എഴുതണം. ഒറ്റ ദിവസംതന്നെ അഞ്ചര മണിക്കൂർ പരീക്ഷ എഴുതേണ്ടിവരുമ്പോൾ പരീക്ഷ കുട്ടികൾക്ക് പീഡനമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമ്മർദത്തിൽ പല വിദ്യാർഥികളും മോഡൽ പരീക്ഷ എഴുതാതിരിക്കാൻ ഇത് കാരണമാകും. പൊതുപരീക്ഷക്ക് മാതൃകയാകേണ്ട മാതൃകപരീക്ഷ ഒരു രീതിയിലും മാതൃകയല്ലാതാകുന്നതിനെതിരെ ഉണ്ടാകുന്ന പ്രതികരണങ്ങളെ തള്ളിക്കളഞ്ഞ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നത് പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആക്ഷേപം. രണ്ടാം വർഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ടുയർന്നുവന്ന കോലാഹലവും ഇത്തരമൊരു പിടിവാശിയുടെ ഭാഗമായിരുന്നു. കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതാണ് കെമിസ്ട്രി ഉത്തരസൂചിക എന്ന അധ്യാപകരുടെ വാദം ശരിവെക്കുന്നതായിരുന്നു വിദഗ്ധ സമിതി തയാറാക്കിയ ഉത്തരസൂചിക. ശരിയായ കാര്യത്തിന് വേണ്ടി പ്രതിഷേധിച്ച അധ്യാപകർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്ന വകുപ്പ് പ്രശ്നങ്ങൾക്ക് മുഴുവൻ കാരണക്കാരായ ചില ഉദ്യോഗസ്ഥരെ സംരക്ഷിച്ചുവരുന്നതിലും അവർ വീഴ്ചകൾ ആവർത്തിക്കുന്നതിലും അധ്യാപകർക്ക് കടുത്ത അമർഷമുണ്ട്. അടുത്ത അക്കാദമിക വർഷം ശനിയാഴ്ച പ്രവൃത്തി ദിനമാവില്ലെന്ന ഉറപ്പുലംഘിച്ച് ജൂൺ നാല് ശനിയാഴ്ച രാവിലെയും ഉച്ചക്കും പരീക്ഷ വെച്ചിട്ടുമുണ്ട്. സർക്കാർ തീരുമാനങ്ങൾക്കെതിരെ നീങ്ങുന്ന ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ സർക്കാറിനാവുന്നില്ലെന്നത് ലജ്ജാകരമാണെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.