ഹരിദാസൻ വധം: പ്രതികളുടെ ജാമ്യഹരജിയിൽ വിധി ഇന്ന്

കുറ്റപത്രവും സമർപ്പിക്കും തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെവയലിലെ കോരമ്പിൽ താഴെക്കുനിയിൽ കെ. ഹരിദാസൻ (54) വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. ഹരജിയിന്മേലുള്ള വാദം വ്യാഴാഴ്ച പൂർത്തിയായി. കേസിന്റെ കുറ്റപത്രവും വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. കേസിൽ റിമാൻഡിൽ കഴിയുന്ന എട്ട് പ്രതികളാണ് ജാമ്യഹരജി സമർപ്പിച്ചത്. കെ.വി. വിമിൻ, അമൽ മനോഹരൻ, പി.കെ. അശ്വന്ത്, അർജുൻ, ദീപക് സദാനന്ദൻ, അഭിമന്യു, ശരത്ത്, ആത്മജൻ എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭാംഗവുമായ കെ. ലിജേഷ് ഉൾപ്പെടെ 15 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ മൂന്നാംപ്രതി ഗോപാലപേട്ടയിലെ എം. സുനേഷ് മാത്രമാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിപ്പട്ടികയിലുള്ള രണ്ടുപേരെ കൂടി ഇനി പിടികൂടാനുണ്ട്. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ച ഒന്നരയോടെയാണ് വീട്ടുമുറ്റത്തുവെച്ച് ഹരിദാസൻ വധിക്കപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ ഹരിദാസനെ വീട്ടുപറമ്പിൽ പതിയിരുന്ന ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് മാരകമായി വെട്ടിക്കൊല്ലുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.