ഭിന്നശേഷിക്കാരുടെ കുടക്ക് സ്കൂളിൽ സ്റ്റാളൊരുക്കി നാഷനൽ സർവിസ് സ്കീം

മുക്കം: ഭിന്നശേഷിക്കാർ നിർമിച്ച കുടകൾ വിറ്റഴിക്കാൻ സ്കൂളിൽ സ്റ്റാളൊരുക്കി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വളന്റിയർമാർ. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി എൻ.എസ്.എസ് നടപ്പാക്കുന്ന പ്രഭ പദ്ധതിയുടെ മാവൂർ ക്ലസ്റ്റർതല ഉദ്ഘാടനം കോഓഡിനേറ്റർ സില്ലി ബി. കൃഷ്ണൻ ഭിന്നശേഷിക്കാരനായ മുഹമ്മദലിയിൽനിന്ന് കുടകൾ വാങ്ങി നിർവഹിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും കുടകൾ വാങ്ങി ഭിന്നശേഷിക്കാരുടെ സംരംഭത്തെ ചേർത്തുപിടിച്ചു. വാഹനാപകടത്തിൽ പെട്ട് കിടപ്പിലായവരും പോളിയോ ബാധിച്ചവരും മറ്റ് ഭിന്നശേഷി സുഹൃത്തുക്കളും ഉണ്ടാക്കിയ സൂപ്പർ കുടകൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുകയായിരുന്നു വളന്റിയർമാർ. ഭിന്നശേഷിക്കാരായ മുഹമ്മദലി, ഷമീർ ചേന്ദമംഗലൂർ, ഷരീഫ് എന്നിവരാണ് കുടകൾ നിർമിച്ച് വിപണി തേടുന്നത്. കോവിഡ് കാലത്ത് കുടകളൊന്നും വേണ്ടത്ര വിറ്റുപോയില്ല. വീടുകൾ കേന്ദ്രീകരിച്ച് കുടയും പേനകളും നിർമിച്ച് വിറ്റാണ് ഇവർ ഉപജീവനം നടത്തുന്നത്. ത്രീഫോൾഡ്, ടൂ ഫോൾഡ്, കുട്ടികളുടെ കുട, വലിയ കുട എന്നിവയെല്ലാം ഇവർ നിർമിക്കുന്നുണ്ട്. എൻ.എസ്.എസ് സ്ക്വയറിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ. ഉമർ പുതിയോട്ടിൽ, സ്റ്റാഫ് സെക്രട്ടറി കെ.സി. അൻവർ, വി.പി. മുഹമ്മദ് അഷ്റഫ്, എസ്. കമറുദ്ദീൻ, മുഹമ്മദലി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം, ക്യാപ്റ്റൻമാരായ ഹനാൻ ഗഫൂർ, നദ സാലിം, അഫ്താബ് അഹമ്മദ്, ഫാഹിം സിയാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.