ജൂണോടെ ആയിരം സ്മാർട്ട് റേഷൻ കടകൾ വരും -മന്ത്രി അനിൽ

ഇരിട്ടി: ജൂൺ മാസത്തോടെ നവീകരിച്ച ആയിരം സ്മാർട്ട് റേഷൻകടകൾ പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ ഗോത്രവർഗ കോളനികളിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകടയുടെ ജില്ലതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലകളിലേക്കടക്കം സ്മാർട്ട് റേഷൻകടകൾ വരും. ഒരു പഞ്ചായത്തിൽ ഒരു സ്മാർട്ട് റേഷൻകട സ്ഥാപിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിശാലമായ മുറികളിൽ മെച്ചപ്പെട്ട ഭക്ഷ്യധാന്യങ്ങൾ നൽകുന്നതോടൊപ്പം എ.ടി.എം, അക്ഷയകേന്ദ്രങ്ങൾ പോലുള്ള ജനസേവന കേന്ദ്രങ്ങളും റേഷൻകടയിലൊരുക്കുന്നതാണ് സ്മാർട്ട് റേഷൻകട കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി അനിൽ പറഞ്ഞു. സംസ്ഥാനത്തെ ഒരാൾ പോലും പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകരുത് എന്നാണ് സർക്കാറിന്റെ ലക്ഷ്യം. റേഷൻകടകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ അതത് പ്രദേശത്തെ ആവശ്യക്കാർക്ക് അനുസരിച്ച് ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.