എക്​സൈസ്​ ചമഞ്ഞ്​ പണവും മദ്യവും തട്ടിയെടുത്ത രണ്ടംഗ സംഘം അറസ്​റ്റിൽ

കുറ്റ്യാടി: മദ്യഷാപ്പുകളിൽനിന്ന്​ അളവിൽ കൂടുതൽ മദ്യം വാങ്ങി പോകുന്നവരെ എക്​സൈസ്​ ഉദ്യോഗസ്ഥരെന്ന വ്യാജേന പിന്തുടർന്ന്​ പിടികൂടി പണവും മദ്യവും തട്ടിയെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. കഴിഞ്ഞ ഒമ്പതിന്​ തൊട്ടിൽപാലത്ത്​ നരിപ്പറ്റ സ്വദേശിയിൽനിന്ന്​ അയ്യായിരം രൂപയും ആറു ലിറ്റർ മദ്യവും തട്ടിയെടുത്ത പരാതിയിൽ കോഴിക്കോട്​ പുതിയങ്ങാടി ഫാത്തിമ മൻസിലിൽ മഗ്​ബൂൽ (51), അത്തോളി ഓങ്ങല്ലൂർ മീത്തൽ ബർജീസ്​ (35) എന്നിവരെയാണ്​ തൊട്ടിൽപാലം എസ്​.ഐ സേതുമാധവനും സംഘവും അറസ്​റ്റ്​ ചെയ്തത്. തൊട്ടിൽപാലം ബിവറേജസ്​ കോർപറേഷന്റെ മദ്യഷാപ്പിൽനിന്ന്​ മദ്യം വാങ്ങി ബൈക്കിൽ പോകുന്ന ബിജുവിനെയും സുഹൃത്തിനെയും ഇരു ബൈക്കുകളിലായി പിന്തുടർന്ന മഗ്​ബൂലും ബർജീസും തടഞ്ഞുനിർത്തി എക്​സൈസ്​ സ്ക്വാഡാണെന്നും മദ്യം അളവിൽ കൂടുതലായതിനാൽ നാദാപുരം എക്​സൈസ്​ ഓഫിസിലേക്ക്​ വരണമെന്നും പറഞ്ഞ്​ നിർബന്ധിച്ച്​ ബൈക്കിൽ കയറ്റുകയായിരുന്നു. വിൽപനക്ക്​ കൊണ്ടുപോകുകയല്ലെന്നും കല്യാണത്തിന്റെ ഭാഗമായി വാങ്ങിയതാണെന്നും യുവാക്കൾ പറഞ്ഞതോടെ അയ്യായിരം രൂപ തന്നാൽ ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. ആവശ്യത്തിന്​ പണം കൈയിലില്ലാത്തതിനാൽ ഇതിൽ ഒരാൾ വീട്ടിൽപോയി പണം സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ, അയ്യായിരം രൂപയും പിടിച്ചെടുത്ത മദ്യവും പ്രതികൾ കൊണ്ടുപോകുകയായിരുന്നു. സംഭവത്തിനു​ശേഷം എക്​സൈസുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു റെയ്​ഡ്​ നടന്നിട്ടില്ലെന്ന് അറിവായി. എക്​സൈസിന്റെ നിർദേശ പ്രകാരം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകുകയും ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കോഴിക്കോടുനിന്ന് പിടികൂടുകയുമാണുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.