അരുൺ
കോട്ടയം: മെഡിക്കൽ കോളജിലെ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ പുത്തൻപാലത്ത് കോയിക്കൽ കുഴിയിൽ വീട്ടിൽ എം. അരുണിനെയാണ് (30) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹെൽത്ത് ഇൻസ്പെക്ടറുടെ വ്യാജ ഐ.ഡി കാർഡും ഓഫിസ് സീലും യൂണിഫോമും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് എസ്.ടി പ്രമോട്ടർമാർ അടക്കമുള്ളവരെ കബളിപ്പിച്ചിരുന്ന ഇയാൾ ജോലി വാഗ്ദാനം ചെയ്ത്
യുവാക്കളിൽനിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവിൽനിന്ന് ഹെൽത്ത് വകുപ്പിൽ ക്ലർക്കിന്റെ ജോലി നൽകാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷമായി കോട്ടയം മെഡിക്കൽ കോളജ് കാഷ്വൽറ്റി, ഷെഡ്യൂൾഡ് ട്രൈബ് സേവന കേന്ദ്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പലവിധ തട്ടിപ്പുകൾ ഇയാൾ നടത്തിയതായും പൊലീസ് പറഞ്ഞു. ഇയാൾ 2016-17 കാലയളവില്‍ ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത കേസ് നിലവിലുണ്ട്.
പുനലൂർ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ വ്യാജ ലെറ്റർ പാഡും സീലും നിർമിച്ച് വ്യാജ രേഖ ഉണ്ടാക്കിയും തിരുവനന്തപുരം പേട്ടയിൽ 2020ൽ ആന ചികിത്സകൻ എന്ന വ്യാജേന ആൾമാറാട്ടം നടത്തി കബളിപ്പിച്ചു തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറെന്ന വ്യാജേനെ കൂടുതൽ പേരെ കബളിപ്പിച്ച് ഇയാൾ പണം കവർന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജി, എസ്.ഐമാരായ പ്രദീപ് ലാൽ, മനോജ് പി.പി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.