കോട്ടയം: ‘ജലമാണ് ജീവൻ’ ജനകീയ തീവ്രകർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ 1,19,845 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 26,840 വീടുകളിലെ വാട്ടർ ടാങ്കുകൾ, 891 സ്ഥാപനങ്ങളിലെ വാട്ടർ ടാങ്കുകൾ, 1317 സ്ഥാപനങ്ങളിലെ കിണറുകൾ, 514 പൊതുകിണറുകൾ എന്നിവയും ക്ലോറിനേറ്റ് ചെയ്തു. അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങളുയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീവ്രകർമപരിപാടി നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ മുഴുവൻ കിണറുകളും ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യും.
ആവശ്യമായ ബ്ലീച്ചിങ് പൗഡറും ക്ലോറിൻ ടാബ്ലറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്നുണ്ട്. എല്ലാ പൊതു ജലസംഭരണികളും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ശുചിയാക്കണം. വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും കുടിവെള്ള ടാങ്കുകൾ ഉടമസ്ഥർ ശുചിയാക്കണം. സെപ്റ്റംബർ എട്ട് മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ വഴിയുള്ള ബോധവത്കരണം സംഘടിപ്പിക്കും. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഹരിതകേരളം മിഷൻ സജ്ജമാക്കിയ ലാബുകളിൽ ജലപരിശോധന നടത്തും. സെപ്റ്റംബർ 20 മുതൽ നവംബർ ഒന്നുവരെ മാലിന്യം എത്തുന്ന വഴികൾ അടച്ചു മുഴുവൻ കുളങ്ങളും ജലസ്രോതസ്സുകളും ശുചീകരിക്കും. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ , ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സാമൂഹ്യ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.