ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങൾ സൂക്ഷിക്കാൻ വെയർ ഹൗസ് നിർമിക്കുന്നതിന് കണ്ടെത്തിയ മുട്ടമ്പലത്തെ സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ സന്ദർശിക്കുന്നു. കലക്ടർ ചേതൻകുമാർ മീണ സമീപം
കോട്ടയം: ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർ ഹൗസിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
വെയർ ഹൗസ് നിർമാണത്തിനായി മുട്ടമ്പലത്ത് കണ്ടെത്തിയ റവന്യൂ വകുപ്പ് ഉടമസ്ഥതയിലുള്ള സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സന്ദർശിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് സ്വന്തമായി വെയർഹൗസ് ഇല്ലാത്ത ഏക ജില്ലയാണ് കോട്ടയം. നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കലിലുള്ള എ.പി.ജെ അബ്ദുൽ കലാം ഓഡിറ്റോറിയമാണ് നിലവിൽ യന്ത്രങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്.
വോട്ടർ പട്ടിക അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിൽ ജില്ല ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയതായി പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും സ്ഥലം മാറ്റുന്നതിനും ഉൾപ്പെടെ ലഭിച്ച അപേക്ഷകളിൽ ആഗസ്റ്റ് 31ന് മുമ്പ് നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം.
ഇതനുസരിച്ച് പ്രവർത്തനം ഊർജിതമാക്കണമെന്ന് ഖേൽക്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ ചേതൻകുമാർ മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഷീബ മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.