കോട്ടയം: കരാറുകാർക്ക് വൻതുക കുടിശ്ശിക ആയതോടെ മുനിസിപ്പാലിറ്റിയിൽ വാർഡ് പ്രവൃത്തികൾ തടസ്സപ്പെട്ടു. രണ്ടു കോടിയോളം രൂപ കുടിശ്ശിക ആയതോടെ നിലവിലെ പണി നിർത്തിവെച്ച കരാറുകാർ പുതിയവ ഏറ്റെടുക്കാനും തയാറാകുന്നില്ല. മുനിസിപ്പാലിറ്റിയിലെ 52 വാർഡിലും പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്. മാർച്ചിനുശേഷം കരാറുകാർക്ക് പണം കിട്ടിയില്ല.
രണ്ടു കോടി രൂപയോളം തനതുഫണ്ടിൽ കിട്ടാനുണ്ട്. പ്ലാൻ ഫണ്ടിലെ തുക കിട്ടി. എം.എൽ.എ ഫണ്ടിലെ തുകയും കിട്ടാനുണ്ട്. ഒരു പ്രവൃത്തി ഏറ്റെടുത്താൽ അഞ്ചു ശതമാനം സെക്യൂരിറ്റി കെട്ടണം. അതിനുപോലും നിർവാഹമില്ലെന്നാണ് കരാറുകാർ പറയുന്നത്.തനതുഫണ്ടിൽ എട്ടുകോടി രൂപ ഉണ്ട്. എന്നാൽ അത് കരാറുകാരുടെ കൈയിലെത്തിയിട്ടില്ല. സാങ്കേതിക തടസ്സങ്ങളാണ് അധികൃതർ ഉന്നയിക്കുന്നത്.
മുനിസിപ്പാലിറ്റിയിൽ ഇരുപതോളം ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോയി. പുതിയതായി വന്നവർ കാര്യങ്ങൾ പഠിച്ചുവരാൻ താമസമെടുക്കുന്നു. അപ്പോഴേക്കും അവരും സ്ഥലം മാറിപ്പോവും. നടപടി വേഗത്തിലാക്കാനോ യഥാസമയം ഉദ്യോഗസ്ഥരെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കാനോ അധികൃതർ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയക്കളിയിൽ വലയുന്നത് പൊതുജനങ്ങളാണ്. മുനിസിപ്പാലിറ്റി പരിധിയിലെ പല വാർഡിലും റോഡുകൾ കുണ്ടും കുഴിയുമായി പാടേ തകർന്നുകിടക്കുകയാണ്. മഴവെള്ളം നിറഞ്ഞതോടെ അപകടസാധ്യതയും വർധിച്ചു. പലയിടങ്ങളിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.
കോട്ടയം: മുനിസിപ്പാലിറ്റി 48ാം വാർഡിൽപെട്ട തകർന്ന ആലുമ്മൂട് -വെസ്റ്റ് ക്ലബ് റോഡിന്റെ പ്രവൃത്തിക്ക് ടെൻഡർ വിളിച്ചിട്ടും ആരും എത്തിയില്ലെന്ന് കൗൺസിലർ ഷേബ മാർക്കോസ്. തുക പുതുക്കിയതിനാൽ വീണ്ടും ടെൻഡർ വിളിക്കണം. കരാർ എടുത്താൽ മഴ മാറി നിൽക്കുന്നതോടെ പണി ചെയ്യാനാവും. ആലുമ്മൂട് പോസ്റ്റ് ഓഫിസ് മുതൽ വെസ്റ്റ് ക്ലബ് വരെ 200 മീറ്റർ റോഡ് മണ്ണിട്ടുയർത്തി ടാർ ചെയ്യാനാണ് എസ്റ്റിമേറ്റ് എടുത്തത്.
പരമാവധി 60 മീറ്റർ ദൂരത്തിലാണ് റോഡ് തകർന്നത്. പഴയ പ്രവൃത്തിയുടെ 10 ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ട്. ഈ വർഷം തനതു ഫണ്ടിൽ 5.5 ലക്ഷം രൂപയും വെള്ളപ്പൊക്ക ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും റോഡിന് അനുവദിച്ചിട്ടുണ്ട്. പണമില്ലാത്തതല്ല, കരാർ എടുക്കാനാളില്ലാത്തതാണ് പ്രശ്നം. കുഴി നിറഞ്ഞ റോഡിൽ വീണ് കഴിഞ്ഞ ദിവസം ഗൃഹനാഥന് പരിക്കേറ്റിരുന്നു. പള്ളിക്കോണം, താഴത്തങ്ങാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
ഈ ഭാഗത്തുള്ള നാൽപതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. സ്കൂൾ ബസ് ഇതുവഴി ഓട്ടം നിർത്തി. കുട്ടികളെ സ്കൂളിലെത്തിക്കുന്നത് സ്വകാര്യവാഹനങ്ങൾ ഉപയോഗിച്ചാണ്. ഇതുമൂലം വാഹനങ്ങൾക്ക് വ്യാപക കേടുപാടു സംഭവിച്ചു.
കോട്ടയം: ചെയർപേഴ്സൻ മനഃപൂർവം ബില്ലുകൾ പിടിച്ചുവെക്കുകയാണ്. ബിൽ പാസാക്കികിട്ടണമെങ്കിൽ തന്നെ നേരിൽ കാണണമെന്ന് കരാറുകാരോട് ചെയർപേഴ്സൻ ആവശ്യപ്പെട്ടതെന്തിനാണ്. വാർഡ് വർക്കുകൾ നടക്കുന്നില്ല. രാഷ്ട്രീയ വിരോധം പൊതുജനങ്ങളോട് തീർക്കരുത്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി വ്യത്യാസമില്ലാതെ എല്ലാവരുടെയും ബിൽ അനുവദിക്കണം.
- അഡ്വ. ഷീജ അനിൽ, നഗരസഭ പ്രതിപക്ഷനേതാവ്
കോട്ടയം: കരാറുകാരെ നേരിട്ടുകാണാൻ ആവശ്യപ്പെട്ടതിൽ ദുരുദ്ദേശ്യമില്ല. കരാറുകാരുടെ സംഘടനയുടെ പ്രസിഡന്റിനോടും സെക്രട്ടറിയോടുമാണ് നേരിൽ വരാൻ പറഞ്ഞത്. തന്റെ വാർഡിൽ ഏൽപ്പിച്ച പ്രവൃത്തി പൂർത്തിയാക്കിയില്ല. നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ലീഗൽ സർവിസ് അതോറിറ്റിയും ഇടപെട്ടിരുന്നു. ഇതോടെ ബിൽ പാസാക്കണമെങ്കിൽ നേരിട്ടു വന്നുകാണാൻ പറഞ്ഞു. നേരിട്ടു വന്നപ്പോൾ ബിൽ പാസാക്കി നൽകുകയും ചെയ്തു.
എ.ഇമാരിൽനിന്ന് നടപടിക്രമങ്ങൾ കഴിഞ്ഞ് ബിൽ തന്റെ മുന്നിലെത്തിയാലേ പാസാക്കാൻ കഴിയൂ. തന്റെ മുന്നിൽ ഒരു ബില്ലും പെൻഡിങ്ങില്ല. ആർക്കുവേണമെങ്കിലും കമ്പ്യൂട്ടറിൽ പരിശോധിക്കാം. തന്റെ ലോഗിനിൽ വരാത്ത ബിൽ താനെങ്ങനെ പാസാക്കും. എട്ടു കോടിയാണ് തനതുഫണ്ടിൽ അനുവദിച്ചത്. 52 വാർഡിലും തുല്യമായി നൽകാൻ തീരുമാനിച്ചതാണ്. ഇതുപ്രകാരം കൗൺസിലർമാർക്ക് വാർഡ് വർക്കുകൾക്ക് തുക ലഭ്യമായിട്ടുണ്ട്. പ്രവൃത്തി എടുക്കാതിരിക്കാൻ കരാറുകാർ പല കാരണങ്ങളും പറയും.
- ബിൻസി സെബാസ്റ്റ്യൻ, ചെയർപേഴ്സൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.