കോട്ടയം മുനിസിപ്പാലിറ്റി കൗൺസിൽ യോഗത്തിൽ പ്രതിപക്ഷനേതാവ് ഷീജ അനിൽ സംസാരിക്കുന്നു
കോട്ടയം: പുലി പോലെ വന്ന് എലി പോലെ പോയി. നഗരസഭയിലെ അക്കൗണ്ടുകളിൽ 211 കോടി രൂപ കാണാനില്ലെന്ന ഇന്റേണൽ വിജിലൻസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിന്റെ അവസ്ഥ എതാണ്ട് ഈ പഴംചൊല്ലുപോലെ ആയി. ചർച്ച തുടങ്ങിയപ്പോൾ മുതൽ കൗൺസിലർമാർ ഘോരഘോരം വാദം തുടങ്ങിയെങ്കിലും അവസാനം ആയപ്പോഴേക്കും പലരും ഒതുങ്ങി. ചിലർ കൗൺസിൽ ഹാൾ വിട്ടു.
എൽ.ഡി.എഫ് നൽകിയ പ്രമേയം വോട്ടിനിടണമെന്ന് ആവശ്യമുയർന്നതോടെ പോയ പലരെയും ഫോണിൽ വിളിച്ചുവരുത്തി. ആറുവരെ നീണ്ട ചർച്ചക്കൊടുവിൽ സെക്രട്ടറിയുടെ മറുപടി ‘‘താൻ കൗൺസിലിൽ വെച്ച റിപ്പോർട്ടിലുള്ളതല്ലാതെ കൂടുതലൊന്നും പറയാനില്ല’’. അതോടെ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നുമില്ലാതെ കൗൺസിൽ യോഗം പിരിഞ്ഞു. വിജിലൻസ് റിപ്പോർട്ട് ചർച്ച ചെയ്യാനാണ് വെള്ളിയാഴ്ച പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. ചെയർപേഴ്സൻ ആവശ്യപ്പെട്ടതനുസരിച്ച് വിജിലൻസ് റിപ്പോർട്ട് വ്യാഴാഴ്ച ലഭ്യമായിരുന്നു. സെക്രട്ടറി നൽകിയ പ്രാഥമിക റിപ്പോർട്ടും രണ്ടാമത്തെ റിപ്പോർട്ടും കൗൺസിലിൽ വെച്ചിരുന്നു. ചെയർപേഴ്സനും വൈസ്ചെയർമാനും എതിരെ 22 എൽ.ഡി.എഫ് കൗൺസിലർമാർ ഒപ്പിട്ട് നൽകിയ പ്രമേയവും ചർച്ചക്കെടുത്തു.
എന്നാൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാത്ത പോലെ പൊതുചർച്ചയാണ് കൗൺസിലർമാർ ആദ്യം തുടങ്ങിയത്. 15 മിനിറ്റ് കഴിഞ്ഞതോടെ ചർച്ച തുടങ്ങണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ ഇടപെട്ടു. ശേഷമാണ് അജണ്ടയിലേക്കു വന്നത്. ആദ്യം സംസാരിച്ചത് പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിലാണ്. വിജിലൻസ് അന്വേഷണം അറിഞ്ഞിട്ടും മൂടിവെച്ചത് അധികൃതർക്ക് അഴിമതിയിലുള്ള പങ്ക് മൂടിവെക്കാനാണെന്ന് ഷീജ ആരോപിച്ചു. തുടർന്ന് സംസാരിച്ച വൈസ്ചെയർമാൻ ബി. ഗോപകുമാർ എൽ.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് പ്രമേയം കൊണ്ടുവന്നതെന്ന് പറഞ്ഞു. പ്രമേയം തള്ളണമെന്ന വികാരമായിരുന്നു യു.ഡി.എഫ് പൊതുവിൽ അവതരിപ്പിച്ചത്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി അംഗങ്ങളും.
പ്രമേയം വോട്ടിനിടണമെന്ന് എൽ.ഡി.എഫ് ആവശ്യമുന്നയിച്ചതോടെ പ്രമേയ നോട്ടീസിൽ കുറ്റപത്രമെന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ചട്ടപ്രകാരം അനുവദിക്കാനാവില്ലെന്നും വൈസ് ചെയർമാൻ പറഞ്ഞു. ഇതിനിടെ യോഗത്തിൽനിന്നു പോയ കൗൺസിലർമാരെയെല്ലാം വോട്ടിങ് പ്രതീക്ഷിച്ച് തിരിച്ചുവിളിച്ചു. 5.55 ആയതോടെ സംസാരിക്കാൻ അവസരം കിട്ടാത്തവർ തങ്ങൾക്കും സംസാരിക്കണമെന്നു പറഞ്ഞ് എഴുന്നേറ്റു. സെക്രട്ടറി മറുപടി പറഞ്ഞശേഷം തങ്ങൾക്ക് സംസാരിക്കാനുണ്ടെന്ന് കൗൺസിലർ ജാൻസി ജേക്കബ് പറഞ്ഞപ്പോൾ തന്റെ മറുപടി ഒറ്റമിനിറ്റിൽ തീർക്കാമെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. തുടർന്ന് താൻ വെച്ച റിപ്പോർട്ടിലുള്ളതല്ലാതെ ഒന്നു പറയാനില്ലെന്നറിയിച്ച് സെക്രട്ടറി ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റതോടെ യോഗവും തീർന്നു. കൗൺസിലർമാരായ സാബു മാത്യു, എം.പി. സന്തോഷ് കുമാർ, പി.ആർ. സോന, വിനു ആർ. മോഹൻ, ടി.സി. റോയ്, ടി.ആർ. അനിൽകുമാർ, കെ. ശങ്കരൻ, സിന്ധു ജയകുമാർ, ജോസ് പള്ളിക്കുന്നേൽ, ടി.എൻ. മനോജ്, ജിബി ജോൺ, എൻ.എൻ. വിനോദ്, പി.എൻ. സരസമ്മാൾ, എം.എസ്. വേണുക്കുട്ടൻ, എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.