കോട്ടയം: അടുക്കള ബജറ്റിനെ ആകെ തകിടം മറിച്ച് മഴക്കെടുതിക്ക് പിന്നാലെ പച്ചക്കറി, പലവ്യഞ്ജന വിലയും കുതിക്കുന്നു. മീനിനും ഇറച്ചിക്കും പൊള്ളുന്ന വിലയായതിന് പിന്നാലെ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും കൂടി വിലവർധിച്ചത് ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ്.
ഈ സാഹചര്യത്തിൽ വിലവർധനയല്ലാതെ മറ്റ് മാർഗമില്ലെന്ന നിലപാടിലാണ് ഹോട്ടൽ, ബേക്കറി വ്യവസായ മേഖലയും. കാലംതെറ്റി പെയ്ത പെരുമഴയിൽ വ്യാപക കൃഷി നാശമുണ്ടായതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി, പലവ്യഞ്ജനം വരവും കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
മീൻ ലഭ്യത കുറഞ്ഞപ്പോൾ ഇറച്ചിയുടെ വില ഉയർത്തുകയാണ് കച്ചവടക്കാർ ചെയ്തത്. കിട്ടുന്ന മീനിനാകട്ടെ തീവിലയുമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ ഇപ്പോൾ തന്നെ മീൻ, ഇറച്ചി വിഭവങ്ങൾക്ക് തോന്നുംപടിയാണ് വില ഈടാക്കുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ പച്ചക്കറി വിലയും ഉയരുന്നത്.
മുമ്പ് ആഴ്ചയിൽ ഒരിക്കലായിരുന്നു മാർക്കറ്റുകളിൽ വിലവിവരപ്പട്ടിക പുതുക്കിയിരുന്നതെങ്കിൽ ഇപ്പോൾ അതിന് മാറ്റം വന്നു. ദിവസവും സാധനങ്ങളുടെ വിലയിൽ മാറ്റം വരുന്നതിനാൽ നിത്യേന വിലവിവരപ്പട്ടിക മാറ്റാൻ തങ്ങൾ നിർബന്ധിതരാകുകയാണെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ വിലകുറയുന്ന സാഹചര്യം വളരെ കുറവാണെന്ന് അവരും സാക്ഷ്യപ്പെടുന്നു.പഞ്ചസാര, പരിപ്പ്, കാരറ്റ്, സവാള, തേങ്ങ എന്നിവക്കെല്ലാം നിത്യേന വിലയിൽ വ്യത്യാസം വരുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പലവ്യഞ്ജന സാധനങ്ങൾക്ക് മൂന്ന് മുതൽ പത്ത് രൂപ വരെ വില വ്യത്യാസമുണ്ടായി. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ പലവ്യഞ്ജന സാധനങ്ങൾ വിൽക്കാൻ സർക്കാർ നടപ്പാക്കിയ സംവിധാനമായ മാവേലി, സപ്ലൈകോ ഔട്ലെറ്റുകളിൽ രണ്ടോ മൂന്നോ സാധനങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
സാധാരണ വില കൂടിനിൽക്കുന്ന വിഷുക്കാലത്തെക്കാളും ഇക്കുറി പച്ചക്കറി വില വർധിച്ചതായി വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണാടക ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. സർക്കാറിന്റെ ഇടപെടൽ ഈ വിഷയത്തിൽ അടിയന്തിരമായുണ്ടാകണമെന്ന ആവശ്യമാണ് അവർ ഉന്നയിക്കുന്നത്.
തേങ്ങയുടേയും വെളിച്ചെണ്ണയുടേയും വിലയിലുണ്ടായ വർധനയാണ് ഹോട്ടൽ, ബേക്കറി വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു കാര്യം. ഏപ്രിൽ മാസത്തേക്കാൾ തേങ്ങക്ക് പത്ത് മുതൽ 15 രൂപയും വെളിച്ചെണ്ണ വില 410 മുതൽ 450 രൂപ വരെയായി വർധിക്കുകയും ചെയ്തു.
ഓണക്കാലത്തോടെ വെളിച്ചെണ്ണ വില 500 രൂപയിലെത്തുമെന്ന ആശങ്കയും നിലവിലുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് വിവിധ എണ്ണ നിർമ്മാണ കമ്പനികൾക്ക് മാത്രമാകും ലാഭം. സാധന വില ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കിൽ ഭക്ഷണ പദാർഥങ്ങളുടെ വില ഇനിയും വർധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നാണ് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.