കോട്ടയം: ട്രെയിൻ യാത്ര അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദൈനംദിനം പുറത്തുവരുന്നത്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽ ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയയാളെ പുരുഷ യാത്രക്കാർ ഏറെ പണിപ്പെട്ട് കീഴടക്കി ചെങ്ങന്നൂരിൽ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
ട്രെയിനുകളിൽ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്ന നിലക്കാണ് കാര്യങ്ങൾ. ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ പരിമിതമാണ്. അതിനാൽ സ്ത്രീകൾക്ക് പലപ്പോഴും ജനറൽ കമ്പാർട്ട്മെന്റിലെ യാത്രകൾ വേണ്ടിവരുന്നു. എന്നാൽ, ഇത്തരം കോച്ചുകളിൽ പലതരത്തിലുള്ള ദുരനുഭവങ്ങളാണ് പലർക്കും നേരിടേണ്ടിവരുന്നത്. മതിയായ കോച്ചുകളുടെ അഭാവമാണ് കോട്ടയം വഴിയുള്ള പല ട്രെയിനുകളിലെയും പ്രശ്നം.
വേണാട്, പരശുറാം, ശബരി, മെമു, പാസഞ്ചർ ട്രെയിനുകളെല്ലാം നിറഞ്ഞ അവസ്ഥയിലാണ് കോട്ടയം വഴി പോകുന്നത്. മെമു ഉൾപ്പെടെ ട്രെയിനുകളിൽ ബോഗികളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും അതെല്ലാം ബധിരകർണങ്ങളിൽ വീഴുകയാണ്. ട്രെയിനുകളുടെ വാതിലുകളിൽ തൂങ്ങി നിന്നാണ് സ്ത്രീകൾ ഉൾപ്പെടെ ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്.
ട്രെയിനുകളിൽ പൊലീസിന്റെ പരിശോധന ഇല്ലാത്തതാണ് പലപ്പോഴും പ്രശ്നങ്ങളാകുന്നിന്റെ മറ്റൊരു കാരണം. മദ്യപിച്ച് ട്രെയിനിൽ കയറി പ്രശ്നം സൃഷ്ടിക്കുന്നവരും ട്രെയിനിലിരുന്ന് മദ്യപിക്കുന്നവരുമെല്ലാം ഇപ്പോഴും ട്രെയിനുകളിൽ വെല്ലുവിളിയാണ്. അതിന് പുറമെ ട്രെയിനുകളിൽ മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേയും പരാജയമാണ്.
ഡൽഹി സ്ഫോടനത്തെത്തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനകളിൽ മദ്യപിച്ച് എത്തിയവരെ ഉൾപ്പെടെ പിടികൂടി. റെയിൽവേ സ്റ്റഷനിലെ ബാഗുകളും ഇലക്ട്രോണിക് വസ്തുക്കളും പാർസലുകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും വിശ്രമ ഇടങ്ങളിലും പരിശോധന തുടരുകയാണ്.
ട്രെയിൻ മാർഗം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ, ക്വറിയർ വസ്തുക്കൾ തുടങ്ങിയവ പരിശോധിക്കാനും നിർദേശമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ രാവിലെ 10.30 മുതൽ 12 വരെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പരിശോധന നടന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തുന്ന നോൺ ലീനിയർ ജങ്ഷൻ ഡിറ്റക്ടർ, മെറ്റൽ ഡിറ്റക്ടർ എന്നിവ ഉപയോഗിച്ചാണ് പരിശോധന. പാർസലുകൾ കൈകാര്യം ചെയ്യുന്ന ഗോഡൗണിനുള്ളിലും പരിശോധനയുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയെ അജ്ഞാതനെക്കുറിച്ചും അന്വേഷണം. ഇയാൾ ആരാണെന്ന് അന്വേഷിക്കണമെന്ന് റെയിൽവേ ചെന്നൈ സെൻട്രൽ സോണിൽനിന്ന് റെയിൽ സുരക്ഷാസേനക്ക് നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ ആരാണെന്ന് പരിശോധിക്കുന്നത്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ കിടന്നുറങ്ങാൻ ആരെയും അനുവദിക്കരുതെന്ന് നിർദേശമുണ്ട്.
അതിനായി പ്രത്യേക വിശ്രമമുറികൾ പ്രധാന റെയിൽവേ സ്റ്റേഷനുകളിലുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ദുരൂഹസാഹചര്യത്തിൽ കോട്ടയത്തെ പ്ലാറ്റ്ഫോം ബെഞ്ചുകളുടെ ഇടയിൽ ഒരാൾ ഉറങ്ങുന്നത് സി.സി ടി.വി പരിശോധനയിൽ ചെന്നൈയിൽ ഇരുന്ന് റെയിൽവേ അധികൃതർ കണ്ടെത്തിയത്. തുടർന്നാണ് ഇയാൾ ആരാണെന്ന് കണ്ടെത്താൻ നിർദേശമെത്തിയത്. ഇത്തരത്തിൽ ആരെയെങ്കിലും കണ്ടാൽ കർശനനടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
നവീകരണപ്രവർത്തനങ്ങളും സൗന്ദര്യവത്കരണവും ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ മുന്നിൽ തകൃതിയായി തുടരുമ്പോഴും സ്റ്റേഷന്റെ പിൻഭാഗത്ത് ഗുരുതര സുരക്ഷ വീഴ്ചയാണുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നു കേരള എക്സ്പ്രസിൽ കയറി ബഹളമുണ്ടാക്കിയ മദ്യപനെ യാത്രക്കാർ പിടികൂടി കെട്ടിയിട്ടാണ് ചെങ്ങന്നൂരിൽ പൊലീസിന് കൈമാറിയത്. ചങ്ങനാശ്ശേരിയിൽ മതിയായ പൊലീസ് സുരക്ഷയില്ലെന്ന ആക്ഷേപവും ശക്തമാണ്.
സ്റ്റേഷന് മുന്നിൽ ഇപ്പോൾ അറ്റകുറ്റപ്പണി പുരോഗമിക്കുന്നെങ്കിലും ഗുഡ്ഷെഡ് റോഡ് തുറന്ന് കിടക്കുകയാണ്. അടച്ചുറപ്പില്ലാതെ തുറസായി കിടക്കുന്ന ഭാഗത്തുകൂടി ആർക്കു വേണമെങ്കിലും സ്റ്റേഷനിലേക്ക് കയറാം. ഗുഡ്ഷെഡ് റോഡിന്റെ പരിസരങ്ങളെല്ലാം കാട് മൂടിക്കിടക്കുകയാണ്. രാത്രി സാമൂഹികവിരുദ്ധരുടെ ശല്യവും ഇവിടെ വ്യാപകമാണ്.
ഒന്നാം പ്ലാറ്റ്ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിന് സമീപമാണ് റെയിൽവേ പൊലീസിന്റെ യൂനിറ്റ് ഓഫിസ്. എന്നാൽ, ചങ്ങനാശ്ശേരിയിൽ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലെ ലൈൻ വഴിയാണു ട്രെയിനുകൾ കടന്നുപോകുന്നത്. ഈ പ്ലാറ്റ്ഫോമുകളിൽ മുഴുവൻ സമയവും പൊലീസിന്റെ സാന്നിധ്യമില്ലത്താത്തത് സുരക്ഷ വീഴ്ചയുണ്ടാക്കുന്നെന്ന് യാത്രക്കാർ പറയുന്നു. സ്റ്റേഷന്റെ പല ഭാഗത്തും കാമറയില്ലാത്തത് വലിയ വെല്ലുവിളിയാണ്. ഫേസ്ഡിറ്റക്റ്റിങ് കാമറകളടക്കം സ്റ്റേഷനിലും പരിസരത്തും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.