കേരള കോൺഗ്രസ് ജില്ലക്യാമ്പ് പാലായിൽ പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: യു.ഡി.എഫിൽ ആശയക്കുഴപ്പം ഒഴിയാതെ കോട്ടയം ലോക്സഭ സീറ്റ് സ്ഥാനാർഥിത്വം. സീറ്റ് ഉറപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നോട്ടുപോകുമ്പോൾ കരുത്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം ആവർത്തിക്കുകയാണ് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുൾപ്പെടെയുള്ളവർ. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് കൊടുത്താല്‍ പാർട്ടി ചെയർമാൻ പി.ജെ. ജോസഫോ, മോന്‍സ് ജോസഫ് എം.എൽ.എയോ മത്സരിക്കണമെന്നും അല്ലാത്തപക്ഷം കോൺഗ്രസുകാരനെ സ്ഥാനാർഥിയാക്കണമെന്നുമുള്ള നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ.
ഈ ആവശ്യമാണ് കെ.പി.സി.സിക്ക് മുന്നിലും ഉയര്‍ത്തിയിട്ടുള്ളത്. എന്നാൽ, മുന്നണി സംവിധാനത്തിൽ കോട്ടയത്തിന്റെ കാര്യത്തിൽ നേരത്തേ തീരുമാനമായതാണെന്നും വിവാദത്തിൽ കാര്യമില്ലെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ വിശദീകരണം.സീറ്റ് മോഹികളായ ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം മാത്രമായേ ഈ നീക്കത്തെ ജോസഫ് ഗ്രൂപ്പുകാര്‍ വിലയിരുത്തുന്നുള്ളൂ. മത്സരരംഗത്തേക്കില്ലെന്ന് മോൻസ് ജോസഫ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
സമാനനിലപാടിലാണ് പി.ജെ. ജോസഫുമെന്നാണ് സൂചന. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ഉണ്ണിയാടന്, സജി മഞ്ഞക്കടമ്പില്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാർഥിയാകുമെന്ന സൂചനയാണ് പാർട്ടിവൃത്തങ്ങൾ നൽകുന്നത്. പി.ജെ. ജോസഫിന്റെ മകന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ, തോമസ് ചാഴികാടനെ കേരള കോൺഗ്രസ്-എം എൽ.ഡി.എഫിനായി വീണ്ടും ഇറക്കുമ്പോൾ കരുത്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യമാണ് കോൺഗ്രസിന്റേത്.
കോണ്‍ഗ്രസിലാകട്ടെ കെ.സി. ജോസഫ്, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, അജീസ് ബെന്‍ മാത്യൂസ്, ചിന്റു കുര്യന് ജോയ് എന്നിങ്ങനെ നിരവധി പേരുകൾ ഉയർത്തിക്കാട്ടുന്നുമുണ്ട്.ഒഴിവ് വരുന്ന രാജ്യസഭ സീറ്റോ അല്ലെങ്കിൽ പത്തനംതിട്ട, ഇടുക്കി സീറ്റുകളിലൊന്നോ ജോസഫ് വിഭാഗത്തിന് നല്കി ആന്റോ ആന്റണിയെയോ ഡീന്‍ കുര്യാക്കോസിനെയോ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കോട്ടയം: കോട്ടയം ലോക്സഭ സീറ്റിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് സംബന്ധിച്ച് തർക്കങ്ങളില്ല. ബൂത്ത്തലം മുതൽ പ്രവർത്തകരെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.