വൈദികനിൽ നിന്നു 1.41 കോടി കവർന്ന കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കടുത്തുരുത്തി: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നു 1.41 കോടിയിൽപരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടിൽ അജ്മൽ കെ. (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാൾ ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിർള ക്യാപിറ്റൽ സോക്സ് ആൻഡ് സെക്യൂരിറ്റി എന്നപേരിൽ ആഡ്ബീർ കേപ്പബിൾ എന്ന ആപ്ലിക്കേഷൻ വൈദികന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു. തുടക്കത്തിൽ കുറച്ച് ലാഭവിഹിതം വൈദികന് നൽകി വൈദികനെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തു. പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനിൽ നിന്നു പല കാരണങ്ങൾ പറഞ്ഞ് പലതവണകളായി പല അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപ തട്ടിയെടുത്തു.

മുടക്കിയ പണം തിരികെ ലഭിക്കാത്തതിനെയും ലാഭവും കിട്ടാതിരുന്നതിനെയും തുടർന്ന് വൈദികൻ പൊലീസിൽ പരാതിപ്പെട്ടു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒ റെനീഷ് ടി.എസിന്റെ നേതൃത്വത്തിൽ വൈദികന്റെ നഷ്ടപ്പെട്ട കുറച്ചു പണം കേരളത്തിലെ എ.ടി.എം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്മലും തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

പിടികൂടാൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇയാൾ കടുത്തുരുത്തി സ്റ്റേഷനിൽ ഹാജരായത്. തട്ടിപ്പിന്റെ പിന്നിൽ ഉത്തരേന്ത്യൻ സംഘമാണന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് അന്വേഷണസംഘം രൂപീകരിച്ചു. ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അൻസാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിയുകയും ചെയ്തു.

തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നും സാഹസികമായി പ്രതിയെ പിടികൂടുകയുമായിരുന്നു. വൈദികന്റെ അക്കൗണ്ടിൽ നിന്നു അഞ്ചുലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തി. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ റെനീഷ് ടി.എസ്., എസ്.ഐ നെൽസൺ സി.എസ്, എ.എസ്.ഐ ഷാജി ജോസഫ്, സി.പി.ഒമാരായ വിനീത് ആർ. നായർ, അരുൺകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Two persons have been arrested in the case of stealing 1.41 crores from a priest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.