വൈക്കം-തവണക്കടവ് റൂട്ടിൽ സർവിസ് നടത്തുന്ന ബോട്ടിന്റെ അടിഭാഗം തുരുമ്പെടുത്ത അവസ്ഥയിൽ
വൈക്കം: വൈക്കം-തവണക്കടവ് റൂട്ടിൽ സർവിസ് നടത്തുന്ന നാലു ബോട്ടുകളിൽ രണ്ടെണ്ണത്തിന് ചോർച്ച. സർവിസിനിടെ ഇവയുടെ അടിത്തട്ടിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ബോട്ടിൽനിന്ന് വെള്ളം പമ്പ് ചെയ്ത് പുറംതള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ജലഗതാഗത വകുപ്പിന്റെ എസ് 23, എസ് 31 നമ്പർ ബോട്ടുകളാണ് തകരാറിലുള്ളത്. കാലപ്പഴക്കമാണ് ബോട്ടുകളുടെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. വൈക്കം-തവണക്കടവ് റൂട്ടിൽ കാലപ്പഴക്കം ഏറെയുള്ള ബോട്ടുകളാണ് സ്ഥിരമായി സർവിസിനായി ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഇതിനുപുറമെ, രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ടായ ആദിത്യ, ജലഗതാഗത വകുപ്പിന്റെ അത്യാധുനിക ബോട്ടുകളിലൊന്നായ ലക്ഷ്യ എന്നീ ബോട്ടുകളാണ് വൈക്കം-തവണക്കടവ് ഫെറിയിൽ സർവിസ് നടത്തുന്നത്. ഇവക്ക് തകരാറുകളൊന്നുമില്ല.
ദിനംപ്രതി 8000ലധികം പേരാണ് ഫെറിയിലൂടെ കായൽ കടക്കുന്നത്. ദിനംപ്രതി 30000ലധികം രൂപയുടെ വരുമാനവും ലഭിക്കുന്നുണ്ട്.
ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കുന്നില്ലെന്നും പരാതിയുണ്ട്. വൈക്കം - എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന അതിവേഗ എസി ബോട്ട് ‘വേഗ’ കോവിഡിനെ തുടർന്ന് സർവിസ് അവസാനിപ്പിച്ചു. ദിവസേന 10000 രൂപ ഈ സർവീസ് വഴി ജലഗതാഗത വകുപ്പിന് ലഭിച്ചിരുന്നതാണ്. ഇതുവരെ ഇത് പുനഃസ്ഥാപിക്കാൻ നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.