ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പാതിരാമണൽ സന്ദർശിക്കുന്നു
കുമരകം: കോട്ടയം, മുഹമ്മ ജെട്ടികളിൽനിന്ന് പാതിരാമണൽ ദ്വീപ്, തണ്ണീർമുക്കം ബണ്ട്, കുമരകം വഴി പുതിയ ടൂറിസം ബോട്ട് സർവിസ് ആരംഭിക്കുമെന്ന് ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ. പാതിരാമണൽ സന്ദർശിക്കുകയായിരുന്നു ഡയറക്ടർ. പാതിരാമണലിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
ആലപ്പുഴയിൽനിന്ന് കുട്ടനാട് ചുറ്റി കായൽ സൗന്ദര്യം ആസ്വദിച്ച് പാതിരാമണൽ സന്ദർശിച്ചു പോകുന്നതിന് ജലഗതാഗത വകുപ്പിന്റെ കീഴിൽ കുട്ടനാട് സഫാരി ബോട്ട് പുതുതായി ആരംഭിക്കും. മന്ത്രി കെ.ബി. ഗണേഷ് കുമാർ അടുത്ത ദിവസം പാതിരാമണൽ സന്ദർശിക്കും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന പുതിയ പദ്ധതികളാണ് പാതിരാമണലിൽ ഒരുക്കുന്നത്.
പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കോട്ടയത്തെയും ആലപ്പുഴയിലെയും ടൂറിസം മേഖലക്ക് പുത്തനുണർവ് ഉണ്ടാകുമെന്നും ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാകുമെന്നും ഡയറക്ടർ പറഞ്ഞു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, പഞ്ചായത്ത് അംഗം നസീമ, സെക്രട്ടറി മഹീദരൻ, ജല ഗതാഗത വകുപ്പ് ഫിനാൻസ് ഓഫിസർ പി. മനോജ്, മെക്കാനിക്കൽ എൻജിനീയർ എം.വി. അരുൺ, ട്രാഫിക് സൂപ്രണ്ട് എം. സുജിത്, സീനിയർ സൂപ്രണ്ട് സിനി, മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ, പ്രോജക്ട് കൺസൾട്ട് നവീൻ, പ്രവീൺ എന്നിവരും കൂടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.