തിരുനക്കര ഷോപ്പിങ് കോംപ്ലക്സ്; വ്യാപാരികളുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കോട്ടയം: തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഒഴിപ്പിക്കുന്നതിനെതിരായ വ്യാപാരികളുടെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഈ സാഹചര്യത്തിൽ വ്യാപാരികൾ ഞായറാഴ്ച യോഗം ചേർന്ന് തുടർനടപടി ചർച്ചചെയ്തു. പരമോന്നത നീതിപീഠത്തിൽനിന്ന് തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

അതേസമയം കോടതിയും കെട്ടിടം ഒഴിയാൻ നിർദേശിച്ചാൽ പകരം സംവിധാനം ആവശ്യപ്പെടും. ഓണം കഴിഞ്ഞേ കെട്ടിടം ഒഴിപ്പിക്കൂ എന്ന നഗരസഭ അധികൃതരുടെ വാക്കുകൾ വിശ്വസിച്ച് സ്റ്റോക്കിറക്കി എല്ലാവരും. നീതിപീഠം കൂടി കൈവിട്ടാൽ കടമുറികൾ ഒഴിഞ്ഞുകൊടുക്കേണ്ടിവരും.

ഓണം മുന്നിൽകണ്ട് വാങ്ങിക്കൂട്ടിയ സ്റ്റോക്ക്, കോടതിയെ സമീപിക്കുന്നതിനു പലിശക്കുവാങ്ങിയ പണം, കടയിലെ സാധനങ്ങൾ കൊണ്ടിടാനുള്ള സ്ഥലം, സാധനങ്ങൾ മാറ്റുന്നതിനുള്ള ചെലവ് ഇതെല്ലാം ചോദ്യചിഹ്നം ആണ് വ്യാപാരികൾക്ക്. സമീപത്തെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിൽ ഷെഡ് കെട്ടി വ്യാപാരികൾക്ക് താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനോട് നഗരസഭ പ്രതികരിച്ചിട്ടില്ല.

കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കെട്ടിടം പൊളിക്കുക എന്നല്ലാതെ കാലങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികൾ എന്തുചെയ്യണമെന്ന ചോദ്യത്തിന് നഗരസഭക്ക് മറുപടിയില്ല. പുതിയ കെട്ടിടം പണിയുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഡി.പി.ആർ തീരുമാനിക്കാൻ ചേർന്ന യോഗം തർക്കത്തെതുടർന്ന് മാറ്റിവെച്ചിരുന്നു.

നേരത്തേ ഡി.പി.ആർ തയാറാക്കാൻ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. വികസന പ്രവൃത്തിക്ക് പണമില്ലെന്നുപറയുന്ന നഗരസഭ എങ്ങനെ പുതിയ കെട്ടിടം പണിയുമെന്നാണ് വ്യാപാരികളുടെ ചോദ്യം. 31നാണ് ഹൈകോടതി കേസ് പരിഗണിക്കുക. കെട്ടിടം ഒഴിപ്പിക്കാൻ എന്തു നടപടിയെടുത്തു എന്ന് നഗരസഭ സത്യവാങ്മൂലം നൽകണം.

രണ്ടുതവണ ഒഴിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും വ്യാപാരികളുടെ ചെറുത്തുനിൽപിനെത്തുടർന്ന് അധികൃതർ പിൻവാങ്ങുകയായിരുന്നു. ഇക്കാര്യം നഗരസഭ കോടതിയെ ധരിപ്പിക്കും.

Tags:    
News Summary - Tirunakkara Shopping Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.