കോട്ടയം: കല്ലുകുഴി, വെള്ളപ്പാറക്കുഴി എന്നീ പേരുകളിൽ അറിയപ്പെടുന്ന മുട്ടം പാറക്കുളം മാലിന്യം നിറഞ്ഞും പുല്ലും ചേറും നിറഞ്ഞ് ചതുപ്പിന് സമാനമായിട്ട് വർഷങ്ങളേറെ. അപകട സാധ്യതയേറിയ പ്രദേശത്ത് സംരക്ഷണവേലി നിർമിക്കാതെ അലംഭാവത്തിലാണ് അധികൃതർ. പാറക്കുളത്തിന് സംരക്ഷണഭിത്തി ഇല്ലാത്തതും റോഡിന്റെ വീതികുറവും ഇവിടെ അപകടസാധ്യത വർധിപ്പിക്കുകയാണ്. 60 അടിയിലേറെ ആഴമുണ്ട് പാറമടക്കുളത്തിന്.
വീതികുറഞ്ഞ റോഡിന്റെ വശത്തായി അപകടാവസ്ഥയിലാണ് പാറക്കുളം സ്ഥിതിചെയ്യുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങളും കാൽനടക്കാരും ചരക്ക് ലോറികളും കടന്നുപോകുന്ന റോഡിന് സമീപമാണ് സംരക്ഷണവേലി ഇല്ലാത്ത കുളം. ചെറിയ റോഡായതിനാൽ ഇതുവഴി ഇരുവശത്തുനിന്ന് വാഹനങ്ങൾ വന്നാൽ കടന്നുപോകുവാനും ബുദ്ധിമുട്ടാണ്. കഴിഞ്ഞവർഷം മാർച്ചിലാണ് വളംകയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് പാറക്കുളത്തിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർ മരിച്ചത്.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ 20 അടിയിലേറെ ആഴത്തിൽനിന്നാണ് ലോറി കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് കുട്ടനാട് ഭാഗത്തേക്ക് ബണ്ട് നിർമാണത്തിന് ഇവിടെ നിന്നുമാണ് വെള്ളപ്പാറകൾ പൊട്ടിച്ചുകൊണ്ടുപോയിരുന്നത്. പിന്നീട് ഈ പാറകൾക്ക് ബലക്കുറവാണെന്നും കറുത്തപാറകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയും മുട്ടം പാറക്കുളത്തിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു.
പിന്നീട് ഇത് ഉപേക്ഷിക്കപ്പെട്ട നിലയിലായി. തുടർന്ന് പാറക്കുളത്തിൽ പുല്ലും വാഴയും മറ്റും വളർന്നു. ഇതിനൊപ്പം ഇവിടെ മാലിന്യം തള്ളാനും ആരംഭിച്ചു. മാലിന്യവും പുല്ലും ചേറും നിറഞ്ഞ് കുളം നിലവിൽ ചതുപ്പുനിലത്തിന് സമാനമാണ്. അപകടമുണ്ടായി വർഷം ഒന്ന് പിന്നിട്ടിട്ടും കുളത്തിന് സംരക്ഷണവേലി നിർമിക്കാനോ അപകടസൂചന ബോർഡ് സ്ഥാപിക്കാനോ ആരും തയാറായിട്ടില്ല. സംരക്ഷണഭിത്തിയില്ലാത്ത ഭാഗത്ത് താൽക്കാലിക കയർ കെട്ടിയാണ് ‘സുരക്ഷ’ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.