കോട്ടയം: പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന തിരുനക്കര പൂരം ബുധനാഴ്ച രാവിലെ 10ന് മുമ്പ് 11 ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ എത്തും. അമ്പലക്കടവ് ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുർഗ ദേവീക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, തളിക്കോട്ട മഹാദേവർ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂർ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് ചെറുപൂരങ്ങൾ എഴുന്നള്ളുന്നത്. വൈകീട്ട് നാലിനാണ് പകൽപൂരം.
തിരുനക്കര ശിവൻ പടിഞ്ഞാറുവശത്തും ചിറക്കൽ കാളിദാസൻ കിഴക്കുവശത്തും തിടമ്പേറ്റും. ഭാരത് വിനോദ്, പാമ്പാടി സുന്ദരൻ, ഗുരുവായൂർ സിദ്ധാർഥൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വരടിയം ജയറാം, വേമ്പനാട് അർജുനൻ, തോട്ടക്കാട് കണ്ണൻ, കീഴൂട്ട് ശ്രീകണ്ഠൻ, കുന്നുമ്മേൽ പരശുരാമൻ, ഈരാറ്റുപേട്ട അയ്യപ്പൻ, കിരൺ നാരായണൻകുട്ടി, കുന്നത്തൂർ രാമു, കാഞ്ഞിരക്കാട്ട് ശേഖരൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, ഉണ്ണിമങ്ങാട് ഗണപതി, ചിറക്കാട്ട് അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, വേമ്പനാട് വാസുദേവൻ, ഉഷശ്രീ ദുർഗാപ്രസാദ് എന്നീ ആനകളാണ് പകൽപ്പൂരത്തിന് അണിനിരക്കുന്നത്.
വൈകീട്ട് നാലിന് നടൻ ജയറാമും 111ലധികം കലാകാരന്മാരും പങ്കെടുക്കുന്ന പഞ്ചാരിമേളം, കുടമാറ്റം. പത്താം ഉത്സവദിവസമായ 24ന് രാവിലെ എട്ടിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ടുസദ്യ. വൈകീട്ട് ആറിന് അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആറാട്ട്, രാത്രി രണ്ടിന് മൈതാനത്ത് ആറാട്ട് എതിരേൽപ്, ക്ഷേത്രസന്നിധിയിൽ അഞ്ചിന് കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച വലിയവിളക്ക് ദേശവിളക്കായി ആചരിക്കും.
കോട്ടയത്ത് നാളെ ഗതാഗതനിയന്ത്രണം
കോട്ടയം: തിരുനക്കര പകൽപ്പൂരത്തോട് അനുബന്ധിച്ച് ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.തെക്കുനിന്ന് എം.സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്‍റ് കവല ജങ്ഷനില്‍നിന്ന് ഇടതു തിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജങ്ഷനില്‍ എത്തി വലതുതിരിഞ്ഞ് ചാലുകുന്ന് ജങ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോകണം. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍ - അറുത്തൂട്ടി വഴി പോകണം.
എം.സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴനിന്ന് വലത്തോട്ടുതിരിഞ്ഞ് ബൈപാസ് റോഡുവഴി ഈരയില്‍ക്കടവുവഴി മനോരമജങ്ഷനിലെത്തി കിഴക്കോട്ടുപോകണം. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം. നാഗമ്പടത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സിയേഴ്‌സ് ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ - ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി എം.എൽ റോഡുവഴി കോടിമത ഭാഗത്തേക്ക് പോകണം. കുമരകം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനിലെത്തി സിയേഴ്‌സ് ജങ്ഷന്‍ വഴി വലത്തോട്ടുതിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോകണം.
നാഗമ്പടം സ്റ്റാൻഡില്‍നിന്ന് കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്കുപോകേണ്ട ബസുകള്‍ ബേക്കര്‍ ജങ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോകണം.കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസുകള്‍ കലക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പുറോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.