കോ​ട്ട​യം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ബൈക്ക്​ വെച്ചാൽ ;ഹെ​ൽ​മ​റ്റ്​ സൂ​ക്ഷി​ച്ചോ​ണം

കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിൽ ബൈക്ക് വെച്ചുപോകുന്നവർ ശ്രദ്ധിക്കുക.തിരിച്ചുവരുമ്പോൾ ഹെൽമറ്റ് ഉണ്ടാകാൻ സാധ്യതയില്ല. നിരവധി പേരുടെ ഹെൽമറ്റാണ് കഴിഞ്ഞ ദിവസങ്ങളിലായി മോഷണം പോയത്.ഹെൽമറ്റില്ലാതെ പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കുകയും പിഴയീടാക്കുകയും ചെയ്യുമെന്നതിനാൽ പുതിയത് വാങ്ങിയാണ് യാത്രക്കാർ മടങ്ങിയത്. ഹാൻഡിലിൽ കൊളുത്തിയിട്ടുപോകുന്ന ഹെൽമറ്റ് മറ്റു പലരും എടുത്തുകൊണ്ടുപോകുകയാണ്. പഴയ ഹെൽമറ്റ് അവിടെവെച്ച് നല്ലത് എടുക്കുന്നവരുമുണ്ട്. പാർക്കിങ് കേന്ദ്രത്തിലുള്ള ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ബൈക്ക് മാത്രമേ നോക്കൂ എന്നും ഹെൽമറ്റിന്‍റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്നുമാണ് അവരുടെ നിലപാട്.

മൂന്നു നിലയുള്ള പാർക്കിങ് കേന്ദ്രത്തിനു പുറത്തു കാമറയുണ്ടെങ്കിലും അകത്ത് കാമറയില്ലാത്തതിനാൽ ആരാണ് എടുത്തതെന്നും കണ്ടെത്താനും കഴിയില്ല. പണം നൽകി ബൈക്ക് പാർക്ക് ചെയ്യുമ്പോൾ ഹെൽമറ്റിന്‍റെ സുരക്ഷ ആരെ ഏൽപിക്കണമെന്നാണ് യാത്രക്കാരുടെ ചോദ്യം. ഹെൽമറ്റ് ബൈക്കിൽ പൂട്ടിയിട്ടു പോകുക എന്നതുമാത്രമാണ് ഇനിയുള്ള പോംവഴി.ഇരു ചക്രവാഹനങ്ങളുടെ പാർക്കിങ് കേന്ദ്രത്തിലേക്കു കയറുന്നത് റെയിൽവേ സ്റ്റേഷനിലെ 'ഔട്ടി'ലൂടെ.

ഇതു പലപ്പോഴും വാഹന ഉടമകൾ തമ്മിൽ തർക്കത്തിനും വാക്കേറ്റത്തിനും ഇടയാക്കുന്നു. വാഹനങ്ങൾക്ക് അകത്തേക്കും പുറത്തേക്കും കടക്കാനും പ്രത്യേക 'ഇൻ' 'ഔട്ട്' ഉണ്ട്. ഇതിൽ പുറത്തേക്കു വാഹനങ്ങൾ വരുന്നിടത്താണ് ഇരുചക്രവാഹനങ്ങൾക്കു പാർക്കിങ്ങിലേക്കു പോകാനുള്ള വഴി.മൂന്നുനിലയുള്ള പാർക്കിങ്ങിലേക്കു റെയിൽവേ സ്റ്റേഷനു പുറത്ത് മാലി ഹോട്ടലിനു സമീപത്ത് ചെറിയ വഴിയുണ്ട്. ഇത് അടച്ചിരിക്കുകയാണ്.ഈ വഴി തുറന്നുകൊടുത്താൽ വാഹന ഉടമകൾ തമ്മിലുള്ള ഉരസൽ ഒഴിവാകാമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.