പോള നിറഞ്ഞ കോടിമത ജലപാതയിലൂടെ കോട്ടയം ജെട്ടിയിലേക്കെത്തുന്ന യാത്രാബോട്ട്
കോട്ടയം: ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവിസുകളെ പ്രതിസന്ധിയിലാഴ്ത്തി കോടിമത കനാലിൽ പോള നിറഞ്ഞു. കോടിമത ജെട്ടിയിൽനിന്ന് ഒരുകിലോമീറ്റർ ദൂരത്തിൽ ജലപാതയിൽ പോളയും പുല്ലും നിറഞ്ഞുകിടക്കുകയാണ്. കോടിമതയിൽനിന്ന് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള സർവിസിനാണ് പോള (കുളവാഴ) കടമ്പ തീർക്കുന്നത്. ഇത് യാത്രബോട്ടുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രോപ്പല്ലറിൽ പോള കുടുങ്ങുന്നതോടെ ജീവനക്കാർ ഇറങ്ങി ഇത് നീക്കിയശേഷമാണ് പലപ്പോഴും സർവിസ് ആരംഭിക്കുന്നത്. പോള കാരണം ബോട്ട് കോടിമത ജെട്ടിയിൽ അടുപ്പിക്കാനും സാധിക്കാത്ത അവസ്ഥയുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് നിലവിൽ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നത്. പോളക്കൂട്ടത്തിലേക്ക് എത്തുന്നതോടെ ബോട്ടുകൾ വേഗം കുറക്കുന്നത് യാത്രസമയത്തെയും ബാധിക്കുന്നതായി ജീവനക്കാർ പറഞ്ഞു. തണ്ണീർമുക്കം ബണ്ട് അടച്ചതോടെയാണ് കായലിൽനിന്ന് പായലുകൾ വലിയതോതിൽ തോടുകളിലേക്ക് എത്തിയിരിക്കുന്നത്.
പഴുക്കാനില കായലിൽനിന്നാണ് കോടിമതയിലേക്ക് പോളകൾ എത്തുന്നത്. ഒഴുക്കില്ലാത്തതിനാൽ തിങ്ങിനിറഞ്ഞു. കോടിമതയിലേക്ക് പായൽ കയറി തുടങ്ങുന്ന ഘട്ടത്തിൽതന്നെ ഇവനീക്കിയാൽ വലിയതോതിലുള്ള പ്രശ്നം ഒഴിവാക്കാൻ കഴിയുമെന്ന് ജലഗതാഗത വകുപ്പ് ജീവനക്കാർ പറയുന്നു. ഉടൻ ഇവ നീക്കിയില്ലെങ്കിൽ ശല്യം വർധിക്കുമെന്നും ബോട്ട് സർവിസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. കോടിമതയിലടക്കം പലതവണ പായൽ നീക്കിയിട്ടുണ്ടെങ്കിലും വീണ്ടും നിറയുകയാണ് പതിവ്. ചെറിയരീതിയിൽ എത്തുമ്പോൾതന്നെ നീക്കിയാൽ പ്രതിസന്ധി കുറയും. ജലസേചന വകുപ്പിനാണ് കനാലിന്റ ചുമതല. നിലവിൽ പായൽ നീക്കാൻ പദ്ധതിയൊന്നും തയാറാക്കിയിട്ടില്ലെന്ന് ഇവർ പറഞ്ഞു.
ഇടക്ക് കോട്ടയം നഗരസഭയും പായൽ നടപടി സ്വീകരിച്ചിരുന്നു. ഇത്തവണ ഇതുവരെ നഗരസഭയിൽനിന്ന് കാര്യമായ ഇടപെടലുണ്ടായിട്ടില്ല. കൊടൂരാറ്റിനൊപ്പം മീനച്ചിലാറ്റിലും കൈത്തോടുകളിലുമെല്ലാം പോളശല്യമുണ്ട്. കൊടൂരാറ്റില്‍ വള്ളങ്ങളും ബോട്ടുകളും ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്.
ഓരോ വര്‍ഷവും വര്‍ധിച്ചിട്ടും ഇത് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പരാതി വ്യാപകമാകുമ്പോള്‍ ചില പ്രദേശങ്ങളില്‍നിന്ന് വാരിമാറ്റുമെങ്കിലും ദിവസങ്ങള്‍ക്കകം പൂര്‍വാധികം ശക്തിയായി തിരികെയെത്തുമെന്നും പറയുന്നു.
പടിഞ്ഞാറൻ മേഖലയിലെ പുഴകളിലും തോടുകളിലും പോള നിറഞ്ഞത് സാധാരണക്കാർക്കും തിരിച്ചടിയാകുന്നു. അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലെ പുഴയോരങ്ങളിലും അപ്പർകുട്ടനാട് പാടശേഖരങ്ങളുടെ പുറം ബണ്ടുകളിലും താമസിക്കുന്നവർക്കുമാണ് പോളശല്യം കൂടുതൽ ദുരിതം തീർക്കുന്നത്. ജലഅതോറിറ്റിയുടെ പൈപ്പ് വെള്ളം കിട്ടാത്ത പടിഞ്ഞാറൻ നിവാസികൾ തോടുകളിലൂടെ വള്ളം തുഴഞ്ഞ് കിഴക്കൻ പ്രദേശങ്ങളിലെത്തിയാണ് കുടിവെള്ളം സംഭരിക്കുന്നത്.
തോടുകളിലെല്ലാം പോളയായതിനെ തുടർന്ന് വള്ളം ഇറക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അയ്മനം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനായും മത്സ്യബന്ധനത്തിനായും നിരവധി പേരാണ് വള്ളങ്ങളെ ആശ്രയിക്കുന്നത്. പോളയുള്ളതിനാൽ തുഴഞ്ഞുനീങ്ങാൻ കഴിയുന്നില്ലെന്ന് ഇവർ പറയുന്നു.
അധികം വൈകാതെ പോള അഴുകി തുടങ്ങും. ഇതോടെ വെള്ളം കൂടുതൽ മലിനമാകും. വേനൽ കടുത്തതോടെ ആറുകളിലെയും കൈവഴികളിലെയും ഇടത്തോടുകളിലെയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പോള അഴുകുന്നതോടെ ശുദ്ധജലക്ഷാമവും രൂക്ഷമാകും.
പല കായല്‍ നിലങ്ങളിലെയും പുഞ്ചകൃഷി വിളവെടുപ്പിനെയും പോളശല്യം പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കൊയ്തെടുക്കുന്ന നെല്ല് പോളനിറഞ്ഞ തോട്ടിലൂടെ കരയില്‍ എത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. കവണാർ, പെണ്ണാർ, കൈപ്പുഴയാർ എന്നിവിടങ്ങളിൽ ചരക്കുവള്ളങ്ങളുടെയും ഗതാഗതത്തെയും പോളശല്യം വലക്കുന്നുണ്ട്. ഹൗസ്ബോട്ടുകൾ, മറ്റു യാത്രാബോട്ടുകൾ, മണ്ണ്, കക്കവാരൽ വള്ളങ്ങൾ എന്നിവയുടെ സുഗമമായ സഞ്ചാരത്തിനും വലിയപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിനോദസഞ്ചാരികൾക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പോള വാരിയിരുന്നു. ഇത്തവണ ഇതിലും നടപടിയില്ല.
തോടുകളിൽ നിറയുന്ന പോള (കുളവാഴ) സംസ്കരിക്കാൻ സ്ഥാപിച്ച കുളവാഴ പ്ലാന്റ് കാടുകയറുന്നു. കോട്ടയം പച്ചക്കറി മാർക്കറ്റിന് സമീപം കൊടൂരാറിെൻറ തീരത്താണ് കുട്ടനാട് പാക്കേജിൽ ഉൾപെടുത്തി 2013ൽ ഫിഷറീസ് വകുപ്പ് പ്ലാന്റ് ആരംഭിച്ചത്. കൊടൂരാറ്റിൽ നിറയുന്ന പോള സംസ്കരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫിർമ മുഖേനയുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
കുളവാഴ സംസ്കരിക്കുന്നതിനൊപ്പം ഈ പൾപ്പിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് മാർക്കറ്റിലെ ലൈറ്റുകൾ തെളിക്കാനും പദ്ധതിയുണ്ടായിരുന്നു. പ്ലാന്റ് തുടങ്ങി ഏതാനും ആഴ്ച പിന്നിട്ടപ്പോഴേക്കും ഇതിന് തകരാർ സംഭവിച്ചു. എന്നാൽ, അറ്റകുറ്റപ്പണിക്ക് അധികൃതർ തയാറായില്ല. തകരാറിലായ ചോപ്പർ മാറ്റി സ്ഥാപിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. ഇതോടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ഒമ്പതു വർഷമായി പ്രവർത്തനരഹിതമാണ്.
വള്ളിപ്പടർപ്പുകൾ നിറഞ്ഞാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. മെഷീനുകൾ പലതും തുരുമ്പ് കയറി. ഇടക്കാലത്ത് നഗരസഭ ശുചീകരണ തൊഴിലാളികൾ ഇവിടെ വൃത്തിയാക്കിയിരുന്നു. എന്നാൽ, ഏറെ നാളായി പ്ലാന്റിനുള്ളിൽ പുല്ലുവളർന്ന് കെട്ടിടത്തിന് തന്നെ ഭീഷണിയായി നിൽക്കുകയാണ്.
കോടിമത കനാലിലെ പോളശല്യം രൂക്ഷമാണ്. യാത്രാബോട്ടുകളെ ഇത് സാരമായി ബാധിക്കുന്നു. യന്ത്രത്തകരാറിനും ഇത് കാരണമാകുന്നു. കനാലിനു വീതി കുറവായതിനാൽ പായലും പുല്ലും കൂട്ടമായി കിടക്കുന്നതിനാൽ യാത്രക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും ബോട്ടുകൾ യന്ത്രത്തകരാർ സംഭവിക്കുന്നുണ്ട്. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളടക്കം സർവിസുകളെ ആശ്രയിക്കുന്നതിനാലാണ് കോടിമതയിലേക്ക് നടത്തുന്നത്. പോള നീക്കണമെന്ന് ആവശ്യപ്പെട്ട് ജലസേചന വകുപ്പിനും നഗരസഭക്കും കത്ത് നൽകിയിട്ടുണ്ട്. ഇവർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഷാജി വി. നായർ (ഡയറക്ടർ, തുറമുഖവകുപ്പ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.