കോട്ടയം: മയക്കുമരുന്ന്, ഗുണ്ട-ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷിനെയാണ് (32) കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിടച്ചത്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുമ്പ് രണ്ടുതവണ കാപ്പ നടപടികൾ നേരിട്ടിട്ടുള്ളയാളാണ്.
കഴിഞ്ഞ ഏപ്രിലിൽ കരുതൽ തടങ്കലിൽനിന്ന് പുറത്തുവന്ന ശേഷം ഏറ്റുമാനൂർ, കടുത്തുരുത്തി സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളുമൊത്ത് തൃശൂർ ജില്ലയിലെ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനു ചെല്ലുകയും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പ നിയമപ്രകാരം മൂന്നാമതും അറസ്റ്റ് ചെയ്തത്. നിരന്തര കുറ്റവാളികളുടെ പട്ടിക തയാറാക്കി, കൂടുതല്‍ പേര്‍ക്ക് കാപ്പ ചുമത്തുന്നതു ഉൾപ്പെടെ നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.