കോട്ടയം റെയില്‍വേ സ്‌റ്റേഷൻ

കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോം തുറന്നു

കോട്ടയം: റെയില്‍വേ സ്‌റ്റേഷനിലെ നവീകരിച്ച ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം തുറന്നു. ഒന്നാം ട്രാക്കിലൂടെ ട്രെയിൻ ഓടിത്തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറിന് എറണാകുളം ഭാഗത്തേക്കുള്ള ചരക്കുവണ്ടിയാണ് ആദ്യം പോയത്. 6.25നുള്ള കൊല്ലം- എറണാകുളം മെമുവായിരുന്നു ആദ്യ യാത്രാവണ്ടി. തുടർന്ന് വടക്കോട്ടുള്ള ട്രെയിനുകളെല്ലാം ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന ട്രാക്കിലൂടെയാണ് കടന്നുപോയത്.

ഇതോടെ ട്രെയിൻ യാത്രക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. ഒന്നാം പ്ലാറ്റ്ഫോം അടച്ചിട്ടതിനാൽ ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കിയതിന്‍റെ പ്രയോജനം യാത്രക്കാർക്ക് ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകീട്ടുതന്നെ ട്രാക്കിന്‍റെ പണികൾ പൂർത്തീകരിച്ചിരുന്നു. പ്ലാറ്റ്ഫോമിന്‍റെ തറയിൽ നിലവിൽ സ്ലാബ് ഇട്ട് യാത്രക്കാർക്ക് കടന്നുപോകാൻ തക്ക രീതിയിലാക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റിങ്, ടൈല്‍ പാകല്‍ തുടങ്ങിയ ജോലികള്‍ അവശേഷിക്കുന്നു. ഒന്ന് എ പ്ലാറ്റ്‌ഫോമിന്‍റെ നവീകരണ ജോലികളും ഉടൻ ആരംഭിക്കും.

പാർക്കിങ് ഫീസിന്‍റെ പേരിൽ കൊള്ള

കോട്ടയം: റെയിൽവേ സ്റ്റേഷനിൽ വാഹനപാർക്കിങ് ഫീസിന്‍റെ പേരിൽ കൊള്ളയെന്ന് പരാതി. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് സംബന്ധിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്. ഒരു ദിവസം ബൈക്ക് പാർക്ക് ചെയ്യാൻ 30 രൂപയാണ് ഫീസ്. സ്ഥിരം പാർക്ക് ചെയ്യുന്നവർക്ക് ഇളവുണ്ട്.

20 രൂപയാണ് അത്തരക്കാരിൽനിന്ന് വാങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ട് ബൈക്ക് വെച്ച് തിങ്കളാഴ്ച രാവിലെ എടുക്കുമ്പോൾ 100 രൂപയാണ് വാങ്ങുന്നത്. രണ്ടര ദിവസം വെക്കുന്നതിന് മൂന്നുദിവസത്തെ ഫീസ് ഈടാക്കിയാൽപോലും 90 രൂപ നൽകിയാൽ മതി.

പുതിയ പാർക്കിങ് സംവിധാനം വന്നശേഷമാണ് ഈ കൊള്ളയെന്ന് യാത്രക്കാർ പറയുന്നു. അത്യാവശ്യത്തിന് റെയിൽവേ സ്റ്റേഷനിലെത്തിയാൽ മറ്റെവിടെയെങ്കിലും ഇരുചക്രവാഹനം നിർത്തിയിടാൻ സെക്യൂരിറ്റി സമ്മതിക്കില്ല. ഒന്നിലേറെ നിലകളുള്ള പാർക്കിങ് സംവിധാനത്തിലേക്ക് കയറ്റിവെക്കാൻ പറയും. പലപ്പോഴും ഓടിച്ച് മുകളിൽ ചെല്ലുമ്പോൾ അവിടെ സ്ഥലമില്ലാതെ മടങ്ങേണ്ടതായും വരാറുണ്ട്. യാത്രാസൗകര്യത്തിന് സ്ഥിരമായി സ്റ്റേഷനിൽ ബൈക്ക് വെച്ചുപോകുന്നവർക്കാണ് ദുരിതമേറെ.

പെട്രോൾ വില വർധന താങ്ങാനാവാത്തതിനാലാണ് പലരും ട്രെയിനിനെ ആശ്രയിക്കുന്നത്. ഒരു മാസത്തേക്ക് തുക അടച്ച് പാർക്കിങ്ങിന് സംവിധാനമുണ്ടെങ്കിലും കോട്ടയം സ്റ്റേഷനിൽ ലഭ്യമാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. തൊടുന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണെന്നാണ് പരാതി. ഇതുസംബന്ധിച്ച് യാത്രക്കാരനും കോട്ടയം സ്വദേശിയുമായ അഭിലാഷ് ചാമക്കാല കോട്ടയം റെയിൽവേസ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകി. അടുത്തിടെയാണ് റെയിൽവേസ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്ക് പുതിയ പാർക്കിങ് സംവിധാനം വന്നത്.

Tags:    
News Summary - The first platform at Kottayam Railway Station has been opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.