ഈരാറ്റുപേട്ടയിൽ സായാഹ്ന ഒ.പി പുനരാരംഭിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞുള്ള ഒ.പി രണ്ടാഴ്ചക്ക് ശേഷം വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചു. തുടർ ദിവസങ്ങളിൽ വൈകീട്ട് ആറുമണി വരെ ഡോക്ടർമാരുടെ സേവനമുണ്ടാകും. തീരുമാനം നൂറുകണക്കിന് രോഗികൾക്കാണ് ആശ്വാസമായത്.മുന്നറിയിപ്പില്ലാതെ ഒ.പി നിർത്തിയതിനെക്കുറിച്ച് 'മന്ത്രിയുടെ വാക്ക് പാഴായി' തലക്കെട്ടിൽ ജൂൺ ഏഴിന് 'മാധ്യമം' വാർത്ത നൽകിയിരുന്നു.

ഇതോടെ നഗരസഭയും ജനപ്രതിനിധികളും വിഷയം ഏറ്റെടുത്തു. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിയമസഭയിലെ പ്രസ്താവനയെ തുടർന്നാണ് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് ഒ.പിക്ക് തുടക്കം കുറിച്ചത്. എന്നാൽ, കുറച്ചുനാൾ കഴിഞ്ഞതോടെ മുന്നറിയിപ്പില്ലാതെ നിർത്തി. ഡോക്ടർമാരുടെ സ്ഥലംമാറ്റമാണ് കാരണമെന്നാണ് ഡി.എം.ഒ അന്നു പറഞ്ഞത്.ഈരാറ്റുപേട്ടയിൽ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് ഹൈകോടതി ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.

ഈരാറ്റുപേട്ട നഗരസഭയിലെയും മലയോര പ്രദേശങ്ങളിലെ എട്ട് പഞ്ചായത്തുകൾ ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനസംഖ്യ രണ്ടരലക്ഷം വരും. ഈ പഞ്ചായത്തുകളിൽ ഉരുൾപൊട്ടലുകൾ പോലെ പ്രകൃതിദുരന്തങ്ങൾ പതിവാണ്. ഈ പ്രദേശത്തുകാരുടെ ഏക ആശ്രയമാണ് ഈ കുടുംബാരോഗ്യ കേന്ദ്രം. രാവിലെ എട്ടിന് ഒ.പി ടിക്കറ്റെടുത്താൽ ഒരുമണിക്കു പോലും ഡോക്ടറെ കാണാൻ കഴിയാത്ത അവസ്ഥയാണ്.

വൈറൽപനിയും ഡെങ്കിപ്പനിയും മറ്റ് അനുബന്ധ രോഗങ്ങളും മലയോര മേഖലയിൽ വർധിച്ചതിനാൽ രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. ജലജന്യരോഗങ്ങൾക്ക് പുറമെ കോവിഡ് തിരിച്ചുവരുന്നെന്ന വാർത്തകളും ജനങ്ങളെ പേടിപ്പെടുത്തുമ്പോൾ കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ട സാഹചര്യമാണെന്ന് നഗരസഭയും ആരോഗ്യ വിഭാഗവും പറയുന്നു.

Tags:    
News Summary - The evening OP resumed at Erattupetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.