നാടിനെ സങ്കടത്തിലാഴ്ത്തി അലി മൗലവിയുടെ വേർപാട്

ഈരാറ്റുപേട്ട: നൂറുകണക്കിന് വിദ്യാർഥികൾക്ക് ആദ്യക്ഷരം പകർന്ന് നൽകി മൂന്ന് പതിറ്റാണ്ടിലധികം മതവിജ്ഞാന രംഗത്ത് നിറസാന്നിധ്യമായിരുന്ന മറ്റക്കാട് ഫുർഖാൻ ജുമാമസ്ജിദ് ഇമാം പാറയിൽ മുഹമ്മദ് അലി മൗലവി അൽ റഷാദിയുടെ (52) ആകസ്മിക വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. ബുധനാഴ്ച രാവിലെ 9.30ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

കായംകുളം ഹസനിയ അറബിക് കോളജിലെ പഠനത്തിനുശേഷം ബാംഗ്ലൂർ ദാറുൽ ഉലും സബീറുൽ റഷാദ് അറബിക് കോളജിൽനിന്ന് ഉപരിപഠനം നടത്തി റഷാദി ബിരുദം കരസ്ഥമാക്കിയാണ് അലി മൗലവി ഇമാം സേവനത്തിലേക്ക് കടന്നുവന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ പള്ളികളിൽ സേവനം ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി മറ്റക്കാട് ഫുർഖാൻ പള്ളിയുടെ ചീഫ് ഇമാമും നടക്കൽ മിഫ്താഹുൽ ഉലൂം മദ്റസ പ്രധാനാധ്യാപകനുമാണ്.

ലജ്നത്തുൽ മുഅല്ലിമീൻ, ജംഇയ്യത്ത് ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലെല്ലാം സംഘാടകനായി തികഞ്ഞ ആത്മാർഥയോടെ പങ്കെടുത്തിരുന്നു. നാട്ടിലെ പൊതുസംരംഭങ്ങളിൽ സഹകാരിയായിരുന്നു. മഹല്ലിനുള്ളിലെ പൊതുപ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും തീർപ്പ് കൽപിക്കാനും കഴിവും പ്രാപ്തിയുമുണ്ടായിരുന്നു.

സൗമ്യസ്വഭാവത്തിനുടമയായ മൗലവിക്ക് നാട്ടിൽ വലിയൊരു സുഹൃദ്വലയം തന്നെയുണ്ട്.മരണവാർത്തയറിഞ്ഞ് നൂറുകണക്കിന് ആൾക്കാരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലിന് മദ്റസയിലെ പൊതുദർശനത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ ഖബറടക്കി.

Tags:    
News Summary - The death of Ali Maulavi left the nation sad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.