കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗും വിവിധ ഗ്രേഡുകളിലുള്ള ചെറു കളിവള്ളങ്ങൾ പങ്കെടുക്കുന്ന 124-ാമത് കോട്ടയം ബോട്ട് റേസും സംയുക്തമായി താഴത്തങ്ങാടി ആറ്റിൽ 27ന് നടക്കും. ഉച്ചക്ക് രണ്ടിന് മൽസരം ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മത്സര വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങളാണ് മുഖ്യസംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബും ടൂറിസം വകുപ്പും ഒരുക്കുന്നത്. ആറിന്റെ ഇരു കരകളിലും നിന്ന് വള്ളംകളി സുഗമമായി കാണാനുള്ള ക്രമീകരണങ്ങൾ കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഫിനിഷിങ് പോയിന്റിലുള്ള മുഖ്യപവിലിയനിൽ 350 പേർക്ക് വളളംകളി സുഗമമായി കാണാൻ സൗകര്യം ഒരുക്കും.
മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കാനുള സ്റ്റിൽസ്റ്റാർട്ട് സംവിധാനം, മൂന്ന് ട്രാക്കുകൾ, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവ സി.ബി.എൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വെസ്റ്റ് ക്ലബിന്റെ സഹകരണത്തിലും ക്രമീകരിക്കും. 27ന് ഉച്ചക്ക് രണ്ടിന് കലക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
2.15ന് ചുണ്ടൻ വളളങ്ങളുടെ മാസ് ഡ്രില്ലും, 2.45ന് ചുണ്ടൻ വളളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടക്കും. നാലിനാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ. ഒമ്പത് ചുണ്ടൻവള്ളങ്ങളും 15 ചെറുവള്ളങ്ങളുമാണ് മൽസരത്തിൽ പങ്കെടുക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ.ജി. കുര്യച്ചൻ, സാജൻ പി. ജേക്കബ്, സുനിൽ ഏബ്രഹാം, ലിയോ മാത്യു, പ്രഫ. കെ. സി. ജോർജ്, അബ്ദുൽ നാസർ ചാത്തംകോട്ട് മാലി, രാജേഷ് കുമാർ, അബ്ദുൾ സലാം, ഡോ. ജോസഫ് പി. വർഗീസ്, തോമസ് കെ.വട്ടുകളം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ട്രാഫിക് നിയന്ത്രണം
26ന് വൈകുന്നേരം നടക്കുന്ന സാംസ്കാരിക ഘോഷയാത്രയുടെയും 27ന് നടക്കുന്ന മത്സര വള്ളംകളിയുടെയും സുഗമമായ നടത്തിപ്പിന് ആവശ്യമായ ട്രാഫിക് നിയന്ത്രണ ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തും. വാഹന പാർക്കിങ്ങിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര വള്ളംകളി ദിനമായ 27ന് അറവുപുഴ (സ്റ്റാർട്ടിംഗ് പോയിന്റ്) മുതൽ കുളപ്പുര (ഫിനിഷിംഗ് പോയിന്റ്) വരെ റോഡരികിൽ വാഹന പാർക്കിങ് കർശനമായി പൊലീസ് നിരോധിക്കും.
ടൗണിൽ നിന്നുവരുന്ന വാഹനങ്ങൾ ഉപ്പൂട്ടിക്കവലയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് വല്യങ്ങാടി വഴി കുളപ്പുര വരെയുള്ള റോഡിന്റെ ഒരുഭാഗത്തും, ഉപ്പൂട്ടിക്കവല മുതൽ ആലുംമൂട് വരെയുള്ള റോഡിന്റെ ഒരുഭാഗത്തുമായി പാർക്ക് ചെയ്യാം. കുമരകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇല്ലിക്കൽ മുതൽ അറവുപുഴ വരെ റോഡിന്റെ ഒരുഭാഗത്ത് മാത്രം പാർക്ക് ചെയ്യാവുന്നതാണ്.
സി.ബി.എൽ മൽസരങ്ങൾക്ക് യോഗ്യത നേടിയ ചുണ്ടൻവള്ളങ്ങളും ടീമുകളും സ്ഥാന ക്രമത്തിൽ
1. വീയപുരം (വി.ബി.സി, കൈനകരി)
2. നടുഭാഗം (പി.ബി.സി, പുന്നമട)
3. മേല്പാടം (പി.ബി.സി. പള്ളാത്തുരുത്തി)
4. നിരണം (നിരണം ബോട്ട്ക്ലബ്)
5. പായിപ്പാടൻ (കെ.ടി.ബി.സി ബോട്ട്ക്ലബ് , കുമരകം)
6. നടുവിലേപ്പറമ്പൻ (ഇമ്മാനുവേൽ ബോട്ട്ക്ലബ്, കുമരകം)
7. കാരിച്ചാൽ (കെ.സി.ബി.സി, കാരിച്ചാൽ)
8. ചെറുതന (തെക്കേക്കര ബി.സി)
9. ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട്ക്ലബ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.