മിനിറ്റ്സിൽ ചെയർപേഴ്സൻ കൃത്രിമം കാണിച്ചെന്ന്; കൗൺസിലിൽ ബഹളവും വാക്കേറ്റവും
കോട്ടയം: മുനിസിപ്പൽ കൗൺസിലിന്റെ മിനിറ്റ്സിൽ ചെയർപേഴ്സൻ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് നഗരസഭ കൗൺസിലിൽ ബഹളവും വാക്കേറ്റവും. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഷീജ അനിലാണ് അജണ്ട പരിഗണിക്കുന്നതിനുമുമ്പ് വിഷയം ഉന്നയിച്ചത്. ഇതേച്ചൊല്ലി എൽ.ഡി.എഫ് കൗൺസിലർമാർ അരമണിക്കൂറോളം ചെയർപേഴ്സനെ വളഞ്ഞുവെച്ചു.
2021 മേയ് ഏഴിനു ചേർന്ന കൗൺസിലിെൻറ മിനിറ്റ്സിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. നഗരസഭയിലെ 52 വാർഡിലെയും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും സ്ട്രീറ്റ് ലൈൻ വലിക്കുന്നതിനുമുള്ള എസ്റ്റിമേറ്റ് ചെയർപേഴ്സന് സമർപ്പിക്കുന്നതിനും അതിനുള്ള നടപടി സ്വീകരിക്കുന്നതിനും ചെയർപേഴ്സനെ ചുമതലപ്പെടുത്തി എന്നാണ് എൽ.ഡി.എഫ് അംഗങ്ങൾക്ക് ലഭിച്ച മിനിറ്റ്സിൽ പറയുന്നത്.
എന്നാൽ, ഓഡിറ്റ് വിഭാഗത്തിൽ സമർപ്പിച്ചിക്കുന്ന മിനിറ്റ്സിൽ ഇതിനൊപ്പം, തോടുകളുടെ ആഴം കൂട്ടലിന് തുക ഒടുക്കുന്നതിനും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ജല അതോറിറ്റിയിൽ തുക ഒടുക്കുന്നതിനും ചെയർപേഴ്സനെ ചുമതലപ്പെടുത്തിയെന്നും പറയുന്നു.
ഇത്തരത്തിൽ ഒരേ കൗൺസിലിെൻറ തീരുമാനം രണ്ടു തരത്തിൽ മിനിറ്റ്സ് ഇറക്കിയത് നിയമവിരുദ്ധവും ക്രിമിനൽ നടപടിക്കു വിധേയവുമാണെന്നാണ് ഷീജ അനിൽ പറയുന്നത്. രണ്ടു മിനിറ്റ്സിലും ചെയർപേഴ്സെൻറ ഒപ്പുമുണ്ട്. ഇക്കാര്യം പരിശോധിച്ച് കൗൺസിലിനുശേഷം മറുപടി നൽകാമെന്ന ചെയർപേഴ്സെൻറ വാദം പ്രതിപക്ഷം സമ്മതിച്ചില്ല.
കൗൺസിൽ അംഗീകാരമില്ലാതെ എടുത്ത തീരുമാനം സാധൂകരിക്കുന്നതിനാണ് മിനിറ്റ്സിൽ കൃത്രിമം കാണിച്ചതെന്ന് ഷീജ ആരോപിച്ചു. ബഹളത്തിനിടെ പ്രതിപക്ഷം പലതവണ ചെയർപേഴ്സെൻറ മൈക്ക് പിടിച്ചുമാറ്റാനും ശ്രമിച്ചു. സംഭവത്തിൽ ചെയർപേഴ്സനും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷീജ അനിലും പാർലമെന്ററി പാർട്ടി സെക്രട്ടറി സി.ജി. രഞ്ജിത്തും തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ, വിജിലൻസ് ഡയറക്ടർ, നഗരസഭകാര്യ ഡയറക്ടർ, റീജനൽ ജോയന്റ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകി.
നഗരസഭ പരിധിയിലുള്ള സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കുന്നതിന് സി.എം.എസ് കോളജ് നൽകിയ അപേക്ഷ അംഗീകരിക്കാൻ തീരുമാനിച്ചു. 9576.77 ചതുരശ്രമീറ്റർ വിസ്തീർണമുള്ള വനിത ശുചിമുറി സമുച്ചയം, ഫിസിക്സ് അനക്സ് ബിൽഡിങ് എന്നിവ നിർമിക്കാനാണ് പ്രിൻസിപ്പൽ അപേക്ഷ നൽകിയത്.
സ്ഥലപരിശോധന നടത്തിയതിെൻറ അടിസ്ഥാനത്തിൽ നിലവിലുള്ള പഴയ കെട്ടിടങ്ങൾകൂടി ക്രമവത്കരിക്കണമെന്ന് നഗരസഭ നിർദേശിച്ചിരുന്നു. കോളജിലെ കെട്ടിടങ്ങൾ 60 വർഷം മുതൽ 200 വർഷംവരെ പഴക്കമുള്ളതാണ്. കെട്ടിട നിർമാണച്ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് നിർമിച്ച കാലപ്പഴക്കമുള്ള കെട്ടിടങ്ങളായതിനാൽ ക്രമവത്കരണത്തിൽനിന്ന് ഒഴിവാക്കണമെന്ന് കോളജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
കോളജിന്റെ അപേക്ഷ സർക്കാറിലേക്കു വിടാതെ മുനിസിപ്പാലിറ്റി തന്നെ ക്രമവത്കരണത്തിൽനിന്ന് ഒഴിവാക്കി നൽകണമെന്ന് അംഗങ്ങൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ആവശ്യപ്പെട്ടു. ബേക്കർ ജങ്ഷനിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് അഭയമന്ദിരത്തിൽ മരിക്കുന്ന അശരണരായ വയോധികരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇളവ് നൽകണമെന്ന് മുനിസിപ്പാലിറ്റിയോട് അപേക്ഷിച്ചിരുന്നു.
ഈ അപേക്ഷ തള്ളി. നികുതി പിരിവ് 75 ശതമാനവും പൂർത്തിയായതായി റവന്യൂ വിഭാഗം കൗൺസിലിനെ അറിയിച്ചു. രണ്ടു വാർഡിലാണ് പൂർത്തിയാകാനുള്ളത്. നികുതി പിരിവ് 31നകം പൂർത്തിയാക്കാൻ ക്യാമ്പ് നടത്താനും തീരുമാനിച്ചു. വൈസ് ചെയർമാൻ ബി. ഗോപകുമാർ, കൗൺസിലർമാരായ എം.പി. സന്തോഷ് കുമാർ, വിനു ആർ. മോഹൻ, എൻ. ശങ്കരൻ, പ്രഫ. സാബു മാത്യു, വേണുക്കുട്ടൻ, എൻ.എൻ. വിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.