മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിൽ കാർഷികമേഖലയായ കോങ്ങാട് പ്രദേശത്ത് പുലി ഇറങ്ങിയതായി സംശയം. കഴിഞ്ഞദിവസം മുണ്ടത്താനം ഫിലിപ്പിന്റെ ആടിനെ ചത്തനിലയിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്. കഴിഞ്ഞദിവസമാണ് വീട്ടിൽ വളർത്തിയിരുന്ന ആടിനെ കൊന്ന് ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
വനപാലകർ സ്ഥലം നിരീക്ഷിച്ച ശേഷം കാമറകൾ സ്ഥാപിച്ചു. പുലിക്ക് സമാനമായ മൃഗമാണ് ആടിനെ കൊന്നതെന്നാണ് വനപാലകരുടെ സംശയം. രാത്രി ഉടനീളം കൂടുതൽ സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. രാത്രി പരിശോധന തുടരാനാണ് വനവകുപ്പ് തീരുമാനം.
കൊങ്ങാട് പുലി ഇറങ്ങിയെന്ന പ്രചരണത്തിന് പിന്നാലെ ആനചാരി, അമലഗിരി, അഴങ്ങാട് സമീപപ്രദേശങ്ങളിലുള്ളവരും ഭീതിയിലാണ്. പുലി എവിടെ നിന്നാണ് വന്നതെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് കണയങ്കവയൽ മേഖലയിലൂടെ എത്തി അമലഗിരി വഴി വന്നതാകാമെന്നാണു നിഗമനം.
രാത്രി വാഹനങ്ങൾ കുറയുന്ന സമയത്ത് കെ.കെ.റോഡ് മുറിച്ച് കടന്ന് അമലഗിരി വഴി ജനവാസമേഖലയിൽ എത്തിയതാകാമെന്നും കരുതുന്നു. ഏതാനും മാസം മുമ്പ് അമലഗിരിയിൽ ജനവാസമേഖലയിൽ കാട്ടാന എത്തിയിരുന്നു. കെ.കെ.റോഡിൽ നിന്ന് ഏതാനും മീറ്റർ അകലെ വരെ മാത്രം എത്തിയ കാട്ടാനയെ പിന്നീട് വനംവകുപ്പ് തുരത്തി ഓടിക്കുകയായിരുന്നു. കോവിഡ് കാലത്ത് പ്രദേശത്ത് കാട്ടുപോത്ത് എത്തിയിരുന്നു. മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, കേഴ, വിവിധയിനം വിഷപ്പാമ്പുകൾ എന്നിവകൊണ്ട് നാട്ടുകാർ പൊറുതിമുട്ടുന്നതിനിടയാണ് പുലിയുടെ സാന്നിധ്യം.
കേഴ പോലുള്ള കാട്ടുമൃഗങ്ങൾ പ്രദേശത്തുള്ളതിനാൽ ഇവയെ ഭക്ഷണമാക്കുന്ന കൂടുതൽ മൃഗങ്ങൾ എത്തിയേക്കുമെന്നും ആശങ്കയുണ്ട്. പലവിധ കാരണങ്ങളാൽ കൃഷിഭൂമി വെട്ടിത്തെളിക്കാതെ കിടക്കുന്നത് കാട്ടുമൃഗശല്യം കൂടാൻ കാരണമാകുന്നുണ്ട്. പല പുരയിടങ്ങളും ചെറു വനങ്ങൾക്ക് സമാനമാണ്. ആവശ്യത്തിന് വെള്ളം ലഭിക്കുമെന്നതും കൂടുതൽ മൃഗങ്ങളെത്താൻ കാരണമാകുന്നു.
സാധാരണക്കാരായ കർഷക കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന മേഖലയാണ് കോങ്ങാട്. പഞ്ചായത്തിലെ യാത്രാക്ലേശം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിൽ ഒന്നുമാണ്. റോഡിന്റെ ദുരവസ്ഥ മൂലം യാത്രാദുരിതം അനുഭവിക്കുന്ന പെരുവന്താനം ആനചാരി നിവാസികൾക്ക് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.