കോട്ടയം: നാഗമ്പടത്ത് 11 പേരെ കടിച്ച് നാടിനെ ഭീതിയിലാക്കിയ നായ് ചത്തു. കോടിമതയിലെ എ.ബി.സി സെന്ററിൽ നിരീക്ഷണത്തിലായിരുന്ന നായ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് ചത്തത്. ശനിയാഴ്ച തിരുവല്ല മഞ്ഞാടി ലാബിൽ പോസ്റ്റ്മോർട്ടത്തിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കൂ. നായ് ചത്ത സാഹചര്യത്തിൽ, കടിയേറ്റവർ കുത്തിവെപ്പ് മുടങ്ങാതെ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രിയാണ് നെഹ്റു പാർക്കിന് സമീപത്തുവെച്ച് നാലുവയസ്സുകാരൻ ഉൾപ്പെടെ 11 പേർക്ക് കടിയേറ്റത്. പലർക്കും മാരക മുറിവുണ്ട്. തുടർന്ന് 11.30ന് എ.ബി.സി സെന്ററിലെ ജീവനക്കാരെത്തി നായെ പിടികൂടുകയായിരുന്നു. തെരുവുനായ് അല്ല ഇതെന്നാണ് വിവരം. ആരോ നഗരത്തിലുപേക്ഷിച്ച വളർത്തുനായയാണെന്ന് സംശയിക്കുന്നു. എ.ബി.സി സെന്ററിൽ ആർ.എം.എസിന് സമീപത്തുനിന്ന് പിടികൂടിയ മറ്റൊരു നായ് കൂടി നീരീക്ഷണത്തിലുണ്ട്. ആ നായ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ല.
ചത്ത നായക്ക് പേ വിഷബാധ സ്ഥിരീകരിച്ച ശേഷം, പ്രദേശത്തെ നായ്ക്കൾക്കെല്ലാം പ്രതിരോധകുത്തിവെപ്പ് നൽകാനാണ് മുഗസംരക്ഷണവകുപ്പിന്റെ തീരുമാനം. കഴിഞ്ഞ മാസം ഇത്തരത്തിൽ നഗരത്തിൽ പാഞ്ഞുനടന്ന തെരുവുനായ് മുൻനഗരസഭാധ്യക്ഷൻ പി.ജെ. വർഗീസ് ഉൾപ്പെടെ എട്ടുപേരെ കടിച്ചിരുന്നു. പിടികൂടിയ നായ് ഉടൻ ചാവുകയും ചെയ്തു. പേ വിഷബാധ സ്ഥിരീകരിച്ചതോടെ 20, 29 വാർഡുകളിലായി കെ.എസ്.ആർ.ടി.സി, ചന്തക്കവല, കോടിമത പാലത്തിനിപ്പുറം വരെ 51 നായ്ക്കൾക്കാണ് കംപാഷൻ അനിമൽ വെൽഫെയർ അസോസിയേഷൻ (കാവ) പ്രവർത്തകർ കുത്തിവെപ്പ് നൽകിയത്. പേ ബാധിച്ച നായ് ഓടിയ വഴികളിലെയും പരിസരത്തെയും നായ്ക്കൾക്കാണ് കുത്തിവെപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.