കോട്ടയം: എറണാകുളം-കായംകുളം എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിയുള്ള ഇരട്ടപ്പാതയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യത്തെ എക്സ്പ്രസ് മെമുവാണ് 16309/10. കോട്ടയത്തുനിന്ന് പുറപ്പെട്ടാൽ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ മാത്രമായിരുന്നു സ്റ്റോപ്പുണ്ടായിരുന്നത്. ഏറ്റുമാനൂരിൽ മെമുവിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷനൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം.പിക്കും നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡിവിഷനൽ ഓഫിസിൽ നടന്ന യോഗത്തിൽ യാത്രക്കാർക്ക് ജനറൽ മാനേജരുമായി നേരിട്ട് സംവദിക്കാൻ എം.പി അവസരം ഒരുക്കി.
മെഡിക്കൽ കോളജ്, ഐ.സി.എച്ച്, ഐ.ടി.ഐ, ബ്രില്യന്റ് കോളജ്, എം.ജി യൂനിവേഴ്സിറ്റി അടക്കം നിരവധി സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരെയും വിദ്യാർഥികളെയും മറ്റ് ഓഫിസ് ആവശ്യങ്ങളുമായി ഏറ്റുമാനൂരിനെ ആശ്രയിക്കുകയും ചെയ്യുന്ന യാത്രക്കാരെയും പ്രതിനിധീകരിച്ച് ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ല സെക്രട്ടറി ശ്രീജിത്ത് കുമാർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് സ്റ്റോപ്പിന് ശിപാർശ ചെയ്ത് ജനറൽ മാനേജർ ആർ.എൻ. സിങ്ങിന്റെ ഓഫിസിൽനിന്ന് എം.പിക്ക് കത്തും നൽകിയിരുന്നു.
ഒടുവിൽ റിപ്പബ്ലിക് ദിനത്തിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്റ്റോപ്പുകളുടെ കൂട്ടത്തിൽ 16309/10 എക്സ്പ്രസ് മെമുവിന്റെ ഏറ്റുമാനൂരിലെ സ്റ്റോപ്പ് പരിഗണിക്കുകയിരുന്നു. ഉച്ചക്ക് 01.10 നുള്ള 66308 കൊല്ലം-എറണാകുളം മെമുവിന് ശേഷം, എറണാകുളം ഭാഗത്തേക്ക് വൈകീട്ട് 04.34 നുള്ള സർവിസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ്.
ഏറ്റുമാനൂരിലെ സമയക്രമം
ട്രെയിൻ നമ്പർ 16309: എറണാകുളം-കായംകുളം എക്സ്പ്രസ് മെമു ഏറ്റുമാനൂരിൽ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം- 09.42-09.43a ട്രെയിൻ നമ്പർ 16310: കായംകുളം-എറണാകുളം എക്സ്പ്രസ് മെമു ഏറ്റുമാനൂർ 04.34-04.35.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.