കോട്ടയം: സംസ്ഥാനത്തെ ഏറ്റവും വരുമാനം കുറഞ്ഞ മുഹമ്മ-മണിയാപറമ്പ് ബോട്ട് സർവിസ് നിലക്കുമോ എന്ന ആശങ്കയിലായിരുന്നു മണിയാപറമ്പ് നിവാസികൾ. എന്നാൽ, ആ സർവിസിനെ കൈവിടില്ലെന്ന് ജലഗതാഗത വകുപ്പ്. മണിയാപറമ്പ് റൂട്ടിലേക്കുള്ള സോളാർ ബോട്ട് പണി പൂർത്തിയാക്കി ട്രയൽ റൺ കാത്തിരിക്കുകയാണ്. 500 മുതൽ 600 രൂപ വരെയാണ് മണിയാപറമ്പ് സർവിസിലെ ദിനംപ്രതി വരുമാനം. ബോട്ടിന് 100 ലിറ്റർ ഡീസൽ വേണം ഒരു ദിവസം. അഞ്ച് ജീവനക്കാരും. ദിവസം 10,000 രൂപയിലധികം ചെലവുണ്ട്.
നഷ്ടത്തിലാണെങ്കിലും മണിയാപറമ്പ് നിവാസികളുടെ ഏക ആശ്രയമായതിനാൽ സർവിസ് നിർത്താൻ ജലഗതാഗത വകുപ്പിന് താൽപര്യമില്ല. ബദലായി ചെലവുകുറഞ്ഞ പുതിയ മാർഗമായാണ് സോളാർ ബോട്ട് കൊണ്ടുവരുന്നത്. യാത്രക്കാർ കുറവായതിനാൽ സർവിസ് നഷ്ടമാണ്. എന്നാൽ, ഇവിടത്തുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. കരീമഠം, വാദ്യമേക്കരി, കൂരിച്ചാൽ, കോലടിച്ചിറ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെയും കർഷകരുടെയും തൊഴിലാളികളുടെയും യാത്ര ബോട്ടിലാണ്. കുമരകത്തേക്കുള്ള സ്കൂൾ വിദ്യാർഥികളും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള രോഗികളും ഈ ബോട്ടിനെയാണ് ആശ്രയിക്കുന്നത്.
ബോട്ട് മുടങ്ങിയാൽ ഇവരുടെ ജീവിതത്തെ ബാധിക്കും. നിലവിലെ ബോട്ട് വാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റിയതിനാൽ പകരം ബോട്ടാണ് സർവിസ് നടത്തുന്നത്. സോളാറിലേക്ക് മാറുന്നതോടെ പ്രതിദിന ചെലവ് 350 രൂപയായി കുറയും. സൂര്യപ്രകാശം കുറയുന്ന ഘട്ടങ്ങളിൽ മാത്രം വൈദ്യുതിയിൽ പ്രവർത്തിച്ചാൽ മതിയാകും. നിലവിൽ വൈക്കം-തവണക്കടവ് റൂട്ടിൽ സോളാർ ബോട്ട് സർവിസ് നടത്തുന്നുണ്ട്.
രണ്ടുമാസത്തിനകം സർവിസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പണി പൂർത്തിയായി. സോളാർ ആയതിനാൽ കൂടുതൽ പരിശോധന ആവശ്യമാണ്. അത് നടക്കുന്നു. ട്രയൽ റൺ നടത്താനുള്ള ഒരുക്കങ്ങളിലാണ്- ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.