‘‘ജീവിതത്തിന്റെ ഗതി മാറ്റുന്ന പദ്ധതി’’ ജീവിതത്തിന്റെ ഗതി മാറ്റുന്ന പദ്ധതിയാണ് ‘നേർവഴി’. പല സാഹചര്യങ്ങളിൽപെട്ട് കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്ന യുവജീവിതങ്ങളെ കണ്ടെത്തി അവരെ കൈപിടിച്ച് മെച്ചപ്പെട്ട ജീവിതത്തിലേക്ക് എത്തിക്കുക എന്നത് വളരെ ശ്രദ്ധയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ലഹരി, അവ്യവസ്ഥിത കുടുംബ പശ്ചാത്തലം എന്നിവയാണ് ഒട്ടുമിക്ക കേസിലും കുറ്റകൃത്യത്തിന് കാരണമാകുന്നത്. ഈ പദ്ധതിയിലൂടെ ഓരോ വ്യക്തികളെയും കുടുംബത്തെയും നേരിൽ കണ്ട് കൗൺസലിങ്ങും മാർഗനിർദേശങ്ങളും ആവശ്യമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വയം തൊഴിൽ ധനസഹായം എന്നിവ നൽകി പുനരധിവസിപ്പിക്കുകയുമാണ് ചെയ്യുന്നത്. നാളിതുവരെ ഇത്തരം ഇടപെടൽ നടത്തിയവരിൽ ആരും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് പോയിട്ടില്ല. എല്ലാവരും കുടുംബത്തോടൊപ്പം നിയമവിധേയമായി ജീവിതം നയിക്കുന്നു. അവിചാരിതമായോ സന്ദർഭവശാലോ ചെയ്തുപോയ ചെറിയ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ട് ജയിലുകൾക്കുള്ളിൽ നഷ്ടപ്പെട്ടു പോകുമായിരുന്ന ഒരുപാട് ജീവിതങ്ങളെയാണ് നേർവഴി പദ്ധതി പ്രകാരം തിരിച്ചുകൊണ്ടുവരാൻ സാധിക്കുന്നത്. അനവദ്യ എം.ടി ജില്ല പ്രബേഷൻ ഓഫിസർ, കോട്ടയം
കോട്ടയം: ഗുരുതരസ്വഭാവമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോ ആദ്യമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോ ആയ കുറ്റവാളികളെ, വിശേഷിച്ച് യുവകുറ്റവാളികളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ ലക്ഷ്യമിടുന്ന സാമൂഹിക നീതി വകുപ്പിന്റെ ‘നേർവഴി’ പദ്ധതിക്ക് ജില്ലയിൽ മികച്ച ഫലം. പ്രബേഷന്‍ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവര്‍ത്തനം ചെയ്ത്, സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരരാക്കുക്കയാണ് ജില്ല പ്രൊബേഷന്‍ ഓഫിസുകള്‍ വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ നിലവിൽ 98 പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ജില്ല പ്രബേഷൻ ഓഫിസിന് കീഴിൽ നീരീക്ഷണത്തിലുള്ള നല്ല നടപ്പിലുള്ളവരും (23) മുൻ ശിക്ഷ തടവുകാരും (ഒമ്പത്) ജാമ്യമേൽനോട്ടത്തിലുള്ളവരും (25) കൂടാതെ പ്രബേഷൻ ഓഫിസറുടെ നിരീക്ഷണം നിർദേശിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിൽനിന്നു റഫർ ചെയ്യപ്പെട്ടവരും (85) അടക്കം 145 പേരുമുണ്ട്. 2017 ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി പ്രകാരം ജില്ലയിൽ ഇക്കാലയളവിൽ നേർവഴി പദ്ധതിക്ക് മുന്നിൽ വന്നത് 800ലേറെ കേസാണ്. നല്ല നടപ്പിലുള്ളവർ ഒന്നു മുതൽ മൂന്നു വർഷം കാലയളവിൽ ജില്ല പ്രൊബേഷൻ ഓഫിസർക്ക് കീഴിൽ നിരീക്ഷണത്തിലായിരിക്കും.
ഇക്കാലയളവിൽ അവർ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതെ നല്ല ജീവിതം നയിച്ചാൽ നിരീക്ഷണ കാലയളവ് പൂർത്തിയാകുന്ന മുറക്ക് നിയമ നടപടികളിൽനിന്ന് മോചിതരാകും. അല്ലാത്തപക്ഷം പിഴ അടക്കുകയോ യഥാർഥ ശിക്ഷ അനുഭവിക്കുകയോ ചെയ്യേണ്ടി വരും. ശിക്ഷ അനുഭവിക്കുന്നതു മൂലമുണ്ടാകുന്ന അയോഗ്യതകളിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
ആദ്യമായി കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവര്‍, 18 നും 21 നുമിടയില്‍ പ്രായമുള്ള ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍, പോലീസ് ജാമ്യത്തില്‍ വിടുതല്‍ ചെയ്യപ്പെട്ട യുവ കുറ്റാരോപിതര്‍, സ്ത്രീ കുറ്റാരോപിതര്‍ തുടങ്ങിയവരെല്ലാം പദ്ധതിയുടെ പരിധിയിൽ വരും.
പ്രബേഷന്‍ ഓഫിസർമാരും അതോടൊപ്പം നേർവഴിക്ക് കീഴിലെ പ്രബേഷൻ അസിസ്റ്റന്റുമാരും കൃത്യമായ കാലയളവിൽ നടത്തുന്ന ജയിൽ സന്ദർശനങ്ങളിലൂടെയാണ് കൂടുതൽ ഗുണഭോക്താക്കളെയും കണ്ടെത്തിയത്. ചില കേസുകളിൽ കോടതി ജാമ്യം നൽകുമ്പോഴും കുറ്റാരോപിതനെ നിരീക്ഷിക്കുക എന്നത് മുൻനിർത്തി പ്രബേഷൻ ഓഫിസറുടെ മേൽനോട്ടത്തിൽ ജ്യാമം അനുവദിക്കാറുണ്ട്. അങ്ങനെയുള്ളവരും പദ്ധതിയുടെ ഭാഗമാണ്.
പൊലീസ് ജാമ്യത്തിൽ വിടുന്നവരും പദ്ധതിയിലുണ്ട്. ഇവരുടെയും കുടുംബത്തിന്റെയും പൂർണസമ്മതത്തോടെയേ പദ്ധതിയിൽ ഉൾപ്പെടുത്തൂ. നിയമസഹായം ആവശ്യമായ കുറ്റാരോപിതർക്ക് ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസിൽ വഴി ജില്ല നിയമ സേവന അതോറിറ്റി നിയമസഹായം നൽകി വരുന്നുണ്ട്. നിരീക്ഷണത്തിൽ വരുന്ന കുറ്റാരോപിതരുടെ കുടുംബവുമായി ചർച്ച ചെയ്ത ശേഷം ആവശ്യമായ കൗൺസലിങ്, ബോധവത്കരണ ക്ലാസ്, ലഹരി പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഡീഅഡിക്ഷൻ സഹായങ്ങൾ തുടങ്ങിയവ നൽകലാണ് അടുത്ത ഘട്ടം. കുടുംബത്തിന്റെ സഹകരണം ഉറപ്പാണെങ്കിൽ ഇത്തരം സേവനങ്ങളിലൂടെ പ്രകടമായ മാറ്റങ്ങൾ ഉറപ്പാണ്.
തൊഴിൽ പരിശീലനവും തുടർ വിദ്യാഭ്യാസവും
പൊലീസ് നടപടികളിലും ജയിൽവാസത്തിലും പഠനം ഇടക്കുവെച്ച് നഷ്ടപ്പെട്ടവർക്ക് തുടർവിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും കൂടിയുള്ള സഹായങ്ങൾ സാമൂഹികനീതി വകുപ്പ് ‘നേർവഴി’ പദ്ധതി പ്രകാരം നൽകിവരുന്നുണ്ട്. സ്കിൽ ഡെവലപ്മെൻറ് സെന്റർ അടക്കം സർക്കാർ ഏജൻസികളുമായി ചേർന്ന് മിത്രം പദ്ധതി വഴി ഗുണഭോക്താവിന്റെ അഭിരുചിക്കും ആഗ്രഹത്തിനും അനുസൃതമായ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ചെയ്യാൻ സൗകര്യം ഒരുക്കിനൽകും. കോഴ്സിന്റെ പൂർണ ചെലവുകൾക്കു പുറമെ പഠന കാലയളവിലെ ചെലവുകൾക്ക് മാസം 3,000 രൂപ സ്റ്റൈപൻഡും നൽകുന്നുണ്ട്.
മാറ്റത്തിെൻറ സാക്ഷ്യങ്ങൾ
കൗമാരകാലത്തെ ഒരു പിഴവിനാൽ ജുവനൈൽ ഹോമിലായിരുന്ന കോട്ടയത്തെ വിദ്യാർഥിയുടെ ജീവിതം മാറിമറിഞ്ഞത് ഈ പദ്ധതി വഴിയായിരുന്നു. മോഷണമായിരുന്നു കുറ്റം. 18 വയസ്സ് കഴിഞ്ഞാണ് കേസിൽ വിധി വന്നത്. ഒരു വർഷത്തേക്ക് പ്രബേഷൻ ഓഫിസറുടെ കീഴിൽ കോടതി നല്ലനടപ്പിന് വിട്ടു. നേർവഴി പദ്ധതിക്ക് കീഴിൽ കൗൺസലിങ്ങുകളും കരിയർ മാർഗ നിർദേശങ്ങളും പിന്തുണയും നൽകിയ ഈ വിദ്യാർഥി ഇപ്പോൾ ബംഗളൂരുവിൽ എം.ബി.ബി.എസിന് പഠിക്കുകയാണ്.
അവധിക്ക് നാട്ടിൽ വരുമ്പോൾ കൃത്യമായി പ്രബേഷൻ ഓഫിസറുടെ മുമ്പിൽ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക പീഡനത്തിന് ഭാര്യയുടെ പരാതിയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളുടെ ജീവിതത്തിലും പദ്ധതി കാര്യമായ മാറ്റം കൊണ്ടുവന്നു. കോടതി നല്ല നടപ്പിന് പ്രബേഷൻ ഓഫിസറുടെ മേൽനോട്ടത്തിൽ വിട്ട ആളുടെ ജീവിതം തന്നെ മാറിമറിഞ്ഞു. ഇപ്പോൾ ഭാര്യക്കൊപ്പം ചേർന്ന് കട നടത്തുകയാണ് ഈ ചെറുപ്പക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.