കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കോട്ടയം മണ്ഡലത്തിൽ വിജയ പ്രതീക്ഷകളും അവകാശവാദങ്ങളും ഉന്നയിക്കുകയാണ് മുന്നണി നേതാക്കൾ. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ബി.ജെ.പി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി എന്നിവർ പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് തങ്ങളുടെ പ്രതീക്ഷകൾ പങ്കുവെച്ചത്. ചില സന്ദർഭങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾക്കും ഈ സംവാദവേദി മാറി.
ഇത്തവണ ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ 20 സീറ്റും യു.ഡി.എഫ് നേടും. കേരളത്തിൽ യു.ഡി.എഫ് തരംഗമാണ്. ഷാഫി പറമ്പിലിന് ലഭിച്ച സ്വീകാര്യത വടകരയിൽ വ്യക്തമാണ്. ആദ്യഘട്ടത്തിൽ യു.ഡി.എഫിൽ ഉണ്ടായിരുന്ന ചില ആശങ്ക തെരഞ്ഞെടുപ്പിന് ശേഷം പൂർണമായും മാറി. നൂറ് ശതമാനം ജയിക്കുമെന്ന് ഉറപ്പുള്ളവയാണ് മാവേലിക്കര. തൃശ്ശൂർ, ആലത്തൂർ, തിരുവനന്തപുരം, വടകര മണ്ഡലങ്ങൾ. കഴിഞ്ഞതവണ ഞങ്ങൾ വിജയിപ്പിച്ച ആളാണ് ഇത്തവണ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായി എത്തിയത്. ഒരു നന്ദി പോലും തങ്ങളോട് പറയാതെ സി.പി.എമ്മിനൊപ്പം പോയത് വോട്ടർമാർ പ്രതികാരബുദ്ധിയോടെയാണ് കണ്ടിരിക്കുന്നത്. വൈക്കത്ത് മാത്രമായിരിക്കും യു.ഡി.എഫിന് ഭൂരിപക്ഷത്തിൽ കുറവുണ്ടാവുക. ലോക്സഭ കേവല ഭൂരിപക്ഷത്തിലേക്ക് ഇൻഡ്യ മുന്നണി എത്തും.
ഇടതുപക്ഷ സ്ഥാനാർഥി തോമസ് ചാഴികാടൻ മൂന്നര ലക്ഷത്തോളം വോട്ട് നേടി കോട്ടയം മണ്ഡലത്തിൽ വിജയിക്കും. കഴിഞ്ഞതവണ കോട്ടയത്ത് എൻ.ഡി.എക്ക് ലഭിച്ച വോട്ട് ഇത്തവണ ലഭിക്കില്ല. പോളിങ് ശതമാനം കുറഞ്ഞതിന്റെ പ്രശ്നം നേരിടുന്നത് യു.ഡി.എഫും എൻ.ഡി.എയും ആയിരിക്കും. കേരളത്തിൽ 20 സീറ്റും ജയിക്കും എന്ന് പറയുന്നില്ലെങ്കിലും മഹാഭൂരിപക്ഷം സീറ്റും എൽ.ഡി.എഫിന് മുന്നണിക്ക് ലഭിക്കും. മാവേലിക്കരയിൽ അരുൺകുമാർ മഹാഭൂരിപക്ഷത്തിൽ ജയിക്കും. ഇടതുമുന്നണിക്ക് ഏഴ് മണ്ഡലങ്ങളിൽ അസൂയാവഹമായ വിജയം ഉറപ്പാണ്. കേന്ദ്രത്തിൽ ബി.ജെ.പി അവകാശപ്പെടുന്ന വിജയം ഉണ്ടാകുമെന്ന് പൊതുവെ കണക്കാക്കുന്നില്ല. ജനങ്ങളുടെ പ്രതികരണം തങ്ങൾക്ക് അനുകൂലമല്ലെന്ന് മനസ്സിലാക്കിയതോടെയാണ് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടത്തിയത്. ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്തുപോകാനുള്ള എല്ലാ സാധ്യതകളും ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമാണ്. ഒരു മതേതര മുന്നണി രാജ്യത്ത് അധികാരത്തിൽ വരാനുള്ള സാധ്യതയാണുള്ളത്.
കേന്ദ്രസർക്കാർ പൗരത്വ നിയമഭേദഗതി നടപ്പിലാക്കി. സി.എ.എയിൽ ജോസ് കെ. മാണിയോ തോമസ് ചാഴികാടനോ ഇൻഡ്യ മുന്നണി സഖ്യ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയനേതാക്കൾക്ക് അവരുടെ രാഷ്ട്രീയ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്തത് ഗതികേടാണ്. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത രാഷ്ട്രീയ നേതാക്കളാണ് കേരളത്തിൽ വാതോരാതെ പ്രസംഗിക്കുന്നത്. 75,000 വോട്ട് കോട്ടയത്ത് കുറഞ്ഞുവെങ്കിൽ അത് എവിടെപ്പോയെന്ന് പഠിക്കാൻ ഇരുകക്ഷികളും തയാറാകണം. പാലാ അടക്കമുള്ള നിരവധി പ്രദേശങ്ങളിൽ പ്രതീക്ഷിക്കപ്പെട്ട വോട്ടിങ് നടന്നില്ല. കോട്ടയം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ മുന്നണി വലിയമുന്നേറ്റം കാഴ്ചവെക്കും. ക്രോസ് വോട്ട് ഏറ്റവും കൂടുതൽ തന്ത്രപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. കോട്ടയത്തിന്റെ വികസനമുരടിപ്പിന് അറുതി വരുത്താനും കേന്ദ്രസർക്കാറിന്റെ വികസനനേട്ടങ്ങൾ കൊണ്ടുവരുവാനും എൻ.ഡി.എക്ക് മാത്രമേ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.