കോട്ടയം: കായിക കേരളത്തിനു മുതൽക്കൂട്ടായിരുന്ന നാട്ടകം ഷൂട്ടിങ് റേഞ്ച് സ്ഥലം സർക്കാർ ഏറ്റെടുത്തു. നാട്ടകം പോളിടെക്നിക് കോളജിനുള്ളിലെ 50 സെന്റ് സ്ഥലത്ത് ജില്ല റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവന്ന ഷൂട്ടിങ് റേഞ്ച് ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവാണ് കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്. ഇതോടെ ഇവിടെ പരിശീലനം നടത്തിയിരുന്ന ഷൂട്ടർമാർ തൊടുപുഴ മുട്ടത്തെ ഷൂട്ടിങ് റേഞ്ചിലേക്ക് പോകേണ്ട ദുരവസ്ഥയിലായി. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതരുടെ അടിയന്തര ഇടപെടലാണ് ഷൂട്ടർമാർ ആവശ്യപ്പെടുന്നത്.
ജില്ല റൈഫിൾ അസോസിയേഷന് കീഴിൽ 500ഓളം അംഗങ്ങളാണുള്ളത്. അവർക്ക് 0.22 റൈഫിൾ, 3.2, 2.2 പിസ്റ്റളുകൾ എന്നിവയുടെ പരിശീലനത്തിനുള്ള സൗകര്യമാണ് റേഞ്ചിലുണ്ടായിരുന്നത്. ഇവിടങ്ങളിൽ സൂക്ഷിച്ചിട്ടുള്ള തോക്കുകളും പിസ്റ്റളുകളും നീക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് റൈഫിൾ അസോസിയേഷനെയും കുഴക്കുകയാണ്. പുതിയ പരിശീലന സംവിധാനവും സ്ട്രോങ് റൂമും തയാറാകുന്നതുവരെ തോക്കും പിസ്റ്റളും മാറ്റാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് അസോസിയേഷൻ വൃത്തങ്ങൾ പറയുന്നത്. ഇവ സൂക്ഷിക്കുന്നതിനും പരിശീലനത്തിനുമായി പുതിയ സ്ഥലം തേടുകയാണ് ഷൂട്ടിങ് റേഞ്ച് ഭാരവാഹികൾ. വർഷങ്ങളായി നടന്നുവരുന്ന ചരിത്ര പ്രാധാന്യമുള്ള റൈഫിൾ ക്ലബാണ് ഇപ്പോൾ കുടിയിറക്കൽ ഭീഷണിയിലുള്ളത്.
1965ലാണ് റൈഫിൾ ക്ലബിനായി സർക്കാർ നാട്ടകത്തെ ഈ ഭൂമി വിട്ടുനൽകിയതെന്ന് അവർ പറയുന്നു. കഴിഞ്ഞ വർഷം പൊലീസ് പരിശീലനത്തിനിടെ രണ്ട് ബുള്ളറ്റുകൾ സമീപത്തെ വീട്ടിൽ പതിച്ചിരുന്നു. തുടർന്ന് ഷൂട്ടിങ് റേഞ്ചിന്റെ പ്രവർത്തനം നിലച്ചു. അന്വേഷണ സംഘം റൈഫിൾ ക്ലബിന് അനുകൂലമായ റിപ്പോർട്ട് ജില്ല ഭരണകൂടത്തിനും പൊലീസിനും നൽകിയിരുന്നു. പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് സ്ഥലം അന്ന് അനുവദിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് തിരികെ എറ്റെടുക്കാൻ തീരുമാനിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഷൂട്ടിങ് റേഞ്ച് അധികൃതർ ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. അപകടം സംഭവിച്ച സാഹചര്യത്തിൽ പോളിടെക്നിക്കുള്ളിൽ ഷൂട്ടിങ് റേഞ്ച് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന പോളിടെക്നിക് കോളജ് അധികൃതരുടെ നിലപാടും തിരിച്ചടിയായി. കലക്ടർ പ്രസിഡന്റും ജില്ല പൊലീസ് മേധാവി വൈസ് പ്രസിഡന്റുമായാണ് എല്ലാ ജില്ലകളിലും റൈഫിൾ അസോസിയേഷന്റെ പ്രവർത്തനം. ആ സംവിധാനത്തിനാണ് ഇപ്പോൾ തിരിച്ചടിയുണ്ടായിട്ടുള്ളത്.
സ്ഥലം കിട്ടുന്ന മുറക്ക് മാറും
കോട്ടയം: ഷൂട്ടിങ് റേഞ്ചിനായി പുതിയ സ്ഥലങ്ങൾ നോക്കുന്നുണ്ടെന്നും കിട്ടുന്ന മുറക്ക് ഉടൻ മാറുമെന്നും റൈഫിൾ അസോസിയേഷൻ അധികൃതർ അറിയിച്ചു. നിലവിൽ 20 ലക്ഷത്തിന്റെ നവീകരണം നടത്തി മുന്നോട്ടുപോകുന്നതിനിടയാണ് പോളിടെക്നിക് വികസനപ്രവൃത്തികൾക്ക് സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന്റെ നോട്ടീസ് കിട്ടിയത്. ഒരേക്കർ സ്ഥലമെങ്കിലും ഷൂട്ടിങ് റേഞ്ചിനു വേണം. സ്ഥലം കണ്ടെത്തി കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും അനുമതി കിട്ടിയ ശേഷമേ പ്രവർത്തനം തുടങ്ങാനാവൂ എന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.