റിസോർട്ടുകളിലെ അമിത ഉപയോഗം; കുമരകത്തിന് കുടിക്കാൻ വെള്ളമില്ല

കുമരകം: രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി കുമരകം പഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. പ്രസിഡന്റ് എ.പി. ഗോപിയുടെ നേതൃത്വത്തിലാണ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ രാജിനെ കണ്ടത്.

കുമരകത്തിന്റെ തെക്കൻ മേഖലയിലെ വാട്ടർ ടാങ്കിൽ നിന്ന് നിരവധി റിസോർട്ടുകൾ ഉൾപ്പെടുന്ന മേലേക്കര, അമ്മംകരി, നസ്രത്ത് തുടങ്ങിയ പ്രദേശങ്ങൾ വഴിയാണ് തെക്കൻ മേഖലയിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്നത്. റിസോർട്ടുകൾ അമിതമായി ജലം എടുക്കുന്നതാണ് പ്രദേശവാസികൾക്ക് വെള്ളം ലഭിക്കാത്തതിന് പ്രധാന കാരണമെന്ന ആക്ഷേപം ജനപ്രതിനിധികൾ ഉന്നയിച്ചു. റിസോർട്ടുകൾക്ക് ലഭിക്കുന്ന ജലത്തിന്റെ അളവ് പരിശോധിക്കാൻ തീരുമാനമായി.

വിവിധ വാർഡുകളിൽ അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികളും പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതും സംബന്ധിച്ച പ്രവൃത്തികൾ മുൻഗണനാക്രമത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ചു. ഇവ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.

ചെങ്ങളത്തെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് കുമരകത്തെ വാട്ടർ ടാങ്കുകളിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുള്ളതിനെ കുറിച്ച് പരിശോധന നടത്താനും ഇരു വാട്ടർ ടാങ്കുകളിലും 10 ദിവസത്തിനുള്ളിൽ പ്രത്യേക മീറ്റർ സംവിധാനം സ്ഥാപിക്കാനും പമ്പ് ഓപറേറ്റർമാർ വാൽവുകൾ തുറക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധിക്കാനും തീരുമാനമായി.

വൈസ് പ്രസിഡന്റ് രമ്യ ഷിജോ, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ആർഷ ബൈജു, പഞ്ചായത്ത് അംഗങ്ങൾ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബാസ്റ്റിൻ ജോൺ, അസി. എൻജിനീയർ ശ്രുതി രാജ്, മെയിന്റനൻസ് കരാറുകാരൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Resort overuse triggers drinking water crisis in Kumarakom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.