കൊക്കയാർ: പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഉറുമ്പിക്കരയിലേക്കുള്ള വെംബ്ലി-വാലേല്‍-ഉറുമ്പിക്കര റോഡിലെ യാത്ര ദുരിതമയം. വെംബ്ലി പോളച്ചിറ മുതൽ വാലേൽ വരെ റോഡ് തകര്‍ന്നു. ടാറിങ് പൂര്‍ണമായി തകര്‍ന്നതോടെ കാല്‍നടപോലും അസാധ്യമായി. മുണ്ടക്കയത്തുനിന്ന് ഉറുമ്പിക്കരവഴി കെ.കെ റോഡിനു സമാന്തരമായി എളുപ്പത്തില്‍ വാഗമണ്ണിലേക്കും കട്ടപ്പന ഭാഗത്തേക്കും പോകാവുന്ന റോഡാണിത്.
ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന ഉറുമ്പിക്കരയില്‍ യാത്ര ദുരിതമായതിനാൽ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇരുചക്ര വാഹനങ്ങൾ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. വാലേല്‍ ഭാഗത്തേക്ക് ഓട്ടോറിക്ഷയടക്കം ടാക്സി വാഹനങ്ങള്‍ വരാൻ തയാറാകുന്നില്ല. ഉറുമ്പിക്കരയിലെ വിവിധ എസ്റ്റേറ്റുകളിലും റിസോര്‍ട്ടുകളിലും ജോലി ചെയ്യുന്നവര്‍ക്ക് കൂട്ടിക്കൽ, ഏന്തയാർ, മുണ്ടക്കയം എന്നിവിടങ്ങളിലേക്കു പോകാന്‍ കഴിയാത്ത സാഹചര്യമാണ്. എം.പി, എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരോട് നാട്ടുകാർ പരാതി പറഞ്ഞിട്ടും നടപടിയില്ല. കഴിഞ്ഞ ബജറ്റില്‍ കുട്ടിക്കാനത്തുനിന്നു തുടങ്ങി മുക്കുളം, വെമ്പാല വഴി ജനവാസമില്ലാത്ത പ്രദേശത്തുകൂടി വരുന്ന റോഡിന് കോടികൾ അനുവദിച്ചിരുന്നു. ജനവാസ മേഖലയല്ലാത്ത മേഖലയിൽ റോഡ് ഒരുക്കി തോട്ടം മുതലാളിമാരെ സഹായിക്കാനുള്ള നീക്കത്തിനെതിരെ ഇടത്-വലത് പാര്‍ട്ടികൾ ഒന്നിച്ചു പ്രതിഷേധം നടത്തി.
പിന്നീട് സ്ഥലം സന്ദര്‍ശിക്കാമെന്നു പറഞ്ഞ എം.എൽ.എ എത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഉറുമ്പിക്കര ഫാക്ടറി ജങ്ഷൻ മുതൽ ഒന്നാംപാലം വരെ റോഡിന്റെ അവസ്ഥ ദയനീയമാണ്. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിനും ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനും ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.