ഈരാറ്റുപേട്ട: ഇളപ്പുങ്കൽ, കാരക്കാട് നിവാസികൾക്ക് മറുകര എത്താനുള്ള ഏക ആശ്രയമായിരുന്ന ഇളപ്പുങ്കൽ പാലത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. എം.എൽ.എ ഫണ്ടിൽനിന്ന് 21 ലക്ഷം രൂപ അനുവദിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാൻ കഴിയാത്തതിൽ ജനങ്ങൾ അമർഷത്തിലാണ്. കരാറുകാരന്റെ മെല്ലെപ്പോക്കാണ് നിർമാണത്തിന് തടസ്സം നിൽക്കുന്നത്. ഈ അധ്യയന വർഷമെങ്കിലും പാലം വരുമെന്ന് കരുതിയിരുന്നു. നൂറുകണക്കിന് വിദ്യാർഥികളും കാൽനടക്കാരുമാണ് ഇത് കാരണം പ്രയാസപ്പെടുന്നത്.
ഇളപ്പുങ്കൽ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾ ആശ്രയിക്കുന്നത് കാരക്കാട് സ്കൂളിനെയാണ്. പാലത്തിലൂടെ മറുകര എത്തിയാൽ അരകിലോമീറ്റർ മാത്രമാണ് സ്കൂളിലേക്കുള്ള ദൂരം. പാലം തകർന്നതോടെ പ്രദേശത്തെ വിദ്യാർഥികൾ എട്ട് കി.മീ. ചുറ്റിയാണ് എത്തുന്നത്. മാത്രമല്ല അജ്മി കെ.കെ ഫുഡ് കമ്പനി ജീവനക്കാരും അൽ അസ്ഹർ കോളജ് വിദ്യാർഥികളും ഇടമറുക് സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളും തുടങ്ങി അനേകം പേർ ഏറെ പ്രയാസപ്പെടുന്നുണ്ട്.
2021 ഒക്ടോബർ 16ന് ഉണ്ടായ മഹാപ്രളയത്തിലാണ് പാലം ഒലിച്ചുപോയത്. തോണി മറിഞ്ഞും ചങ്ങാടം പൊട്ടിയും അപകടങ്ങൾ പതിവായ സമയത്താണ് മൂന്ന് പതിറ്റാണ്ട് മുമ്പ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടെ നടപ്പാലം പണിതത്. അന്നുമുതൽ ജനങ്ങളുടെ ആശ്രയവും ഈ പാലം തന്നെയായിരുന്നു. ഗതാഗതയോഗ്യമായ പാലം പണിയണമെന്ന് പതിറ്റാണ്ടായി ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിനായി പലവാതിലുകളും പ്രദേശവാസികൾ മുട്ടി. ഗതാഗതയോഗ്യമായ പാലം പണിയാൻ നടപ്പാലത്തിന് 500 മീറ്റർ അകലെ സ്ഥലം കണ്ടെത്തി 10.5 കോടി ഫണ്ടും അനുവദിച്ചതാണ്.
സാങ്കേതിക തടസ്സം മാറിയാൽ പുതിയ പാലം യാഥാർഥ്യമാകുമെന്നാണ് എം.എൽ.എ പറയുന്നത്. ഗതാഗതയോഗ്യമായ പാലം വന്നാൽ.ഈ പുഴയുടെ ഇരുവശത്തുകൂടി കടന്നു പോകുന്ന കാഞ്ഞിരം കവല കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട -പീരുമേട് സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ മാറും. തൊടുപുഴ റോഡിൽനിന്ന് വാഗമൺ റോഡിലേക്കെത്താൻ ഏഴ് കിലോമീറ്റർ എളുപ്പമാകുകയും ചെയ്യും. ഇരുപാലങ്ങളും യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.