കോട്ടയത്ത്​ എ.സി വിശ്രമമുറി വരുന്നു: റെയിൽവേ സ്റ്റേഷന്‍റെ നവീകരണം അന്തിമഘട്ടത്തിലേക്ക്

കോട്ടയം: പാത ഇരട്ടിപ്പിക്കല്‍ അടക്കമുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ശനിയാഴ്ച തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും. പാത ഇരട്ടിപ്പക്കല്‍ ജോലികളുടെ അവസാനവട്ട നിര്‍മാണം കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം, മേല്‍പാലങ്ങളുടെ നിര്‍മാണം എന്നിവ വിലയിരുത്താനുമാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ യോഗം ചേരുന്നത്. സ്റ്റേഷൻ നവീകരണ ഭാഗമായി എ.സി വിശ്രമമുറിയും കോട്ടയത്ത് നിർമിക്കും. ശബരിമല തീർഥാടകർക്ക് വിശ്രമിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്താണ് പുതുതായി എ.സി വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. ശബരിമല തീർഥാടകർ വിശ്രമിക്കാനായി സ്റ്റേഷന് പുറത്ത് നിർമിക്കുന്ന മൂന്നുനില കെട്ടിടത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതോടെ ഒഴിവുവരുന്ന സ്ഥലത്താണ് വലിയ സ്റ്റേഷനുകൾക്ക് സ്വന്തമായ എ.സി വിശ്രമസൗകര്യം കോട്ടയത്തും ഒരുങ്ങുന്നത്. നിശ്ചിത ഫീസ് ഈടാക്കിയാകും പ്രവേശനം.

പാത ഇരട്ടിപ്പിക്കലിനൊപ്പം കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍റെ നവീകരണവും നടക്കുന്നുണ്ട്. രണ്ടാം കവാടത്തിന്‍റെ കമീഷന്‍ നടപടി, മുടങ്ങിക്കിടക്കുന്ന ലിഫ്റ്റുകളുടെ ജോലികള്‍, ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്റര്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടി എന്നിവ അവലോകന യോഗം ചർച്ച ചെയ്യുമെന്ന് തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു.

ഏറ്റുമാനൂര്‍ - ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. അതിവേഗം പുരോഗമിക്കുന്ന ജോലികള്‍ക്കൊടുവില്‍ അടുത്തമാസം ആദ്യം പുതിയ പാതയിലൂടെ ട്രെയിന്‍ ഓടുമെന്നാണ് അധികൃതരുടെ വാഗ്ദാനം. ഈ മാസം അവസാനവാരം ട്രയല്‍ റണ്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മേല്‍പാലങ്ങള്‍, പാലങ്ങള്‍ എന്നിവയുടെയെല്ലാം അവസാനവട്ട മിനുക്കുപണികളാണ് നടക്കുന്നത്. കുമാരനല്ലൂര്‍ സ്‌റ്റേഷന്‍ നവീകരണവും അന്തിമഘട്ടത്തിലാണ്.

ശനിയാഴ്ച രാവിലെ 11ന് റെയില്‍വേ സ്‌റ്റേഷനിലാണ് അവലോകനയോഗം. ദക്ഷിണ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ മുകുന്ദ രാമസ്വാമി, റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷാജി സഖറിയ, റെയില്‍വേ സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ പി.എ. ധനഞ്ജയന്‍, റെയില്‍വേ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ഉദാത്താ സുധാകര്‍, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബാബു സഖറിയ എന്നിവർ പങ്കെടുക്കും.

Tags:    
News Summary - Renovation of Kottayam Railway Station is nearing completion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.