മുണ്ടക്കയം: വി.എസ്. യാത്രയാവുമ്പോൾ അദ്ദേഹത്തിന്റെ ഒളിവുജീവിതം ഓർമിക്കുകയാണ് ജില്ലയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് മങ്കുഴിയിൽ രവീന്ദ്രൻ വൈദ്യർ. വി.എസിനെ അക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കളായ പി.പി. ജോർജ്, സി.എസ്. ഗോപാലപിള്ള എന്നിവർ ചേർന്നാണ് പൂഞ്ഞാറിൽ എത്തിച്ചത്. തന്റെ കുടുംബവീടായ വാലാനിക്കൽ വീട്ടിലെത്തിയ വി.എസ് ദിവസങ്ങളോളം അവിടെ കഴിച്ചുകൂട്ടി. വി.എസിന്റെ പഠനക്ലാസുകളിൽ പങ്കെടുത്ത സന്തോഷം പങ്കുവെക്കുമ്പോൾ രവീന്ദ്രൻ വൈദ്യർക്ക് ഇരുപതുകാരന്റെ ചുറുചുറുക്കാണ്. അന്ന് പൂഞ്ഞാറിലെ പഠനക്ലാസിൽ പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്നത് ഇദ്ദേഹം മാത്രമാണ്.
ഒളിവുജീവിതം പുറത്തറിഞ്ഞതോടെ വാലാനിക്കൽ ഇട്ടുണ്ടാൻ വൈദ്യരുടെ സഹോദരിയുടെ കരിവാലിപ്പുഴ വീട്ടിലേക്ക് വി.എസ് മാറി. ഇങ്ങോട്ടുള്ള മാറ്റവും ചിലർ പൊലീസിന് ഒറ്റിക്കൊടുത്തു. ഇവിടെയടുത്ത് മൂവേലിത്തോട്ടിൽ കുളിക്കാൻ പോയ വി.എസിനെ പൊലീസ് അറസ്റ്റു ചെയ്ത് ഈരാറ്റുപേട്ട ജയിലിലടച്ചു. ഈസമയം രവീന്ദ്രൻ വൈദ്യരും മറ്റുള്ളവരും ചങ്ങനാശ്ശേരിയിൽ ലോക്കപ്പിലായിരുന്നു. അവിടെ വെച്ചാണ് വി.എസിന്റെ അറസ്റ്റ് വിവരമറിയുന്നത്. ഈരാറ്റുപേട്ടയിലെ ജയിലിൽ ക്രൂരമർദനത്തിന് വിധേയനായ വി.എസിന്റെ കാൽ പൊലീസുകാർ തോക്കിന്റെ മൂർച്ചയുള്ള മുനകൊണ്ട് കുത്തിക്കീറി.
ജയിലിൽ ബോധരഹിതനായ വി.എസ് മരിച്ചന്ന് കരുതി പൊന്തക്കാട്ടിൽ കളയാൻ പൊലീസ് ജയിലിലുണ്ടായിരുന്ന ക്രിമിനൽപുള്ളി കോലപ്പനെ ഏൽപിച്ചു. ഇടയാടിക്ക് സമീപം പൊന്തക്കാട്ടിൽ വി.എസിനെ തള്ളാൻ ഒരുങ്ങുമ്പോൾ ശരീരത്തിൽ അനക്കം ശ്രദ്ധിച്ച കോലപ്പൻ വി.എസിനെ പാലാ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെന്ന് പറയുമ്പോൾ രവീന്ദ്രൻ വൈദ്യരുടെ കണ്ഠമിടറി. ഇത്രയും ക്രൂരമർദനമേറ്റ മറ്റൊരാൾ ഉണ്ടാവാനിടയില്ലെന്ന് വൈദ്യർ ‘മാധ്യമ’ത്തോടു പറഞ്ഞു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ വി.എസിനെ കാണാനും ഇടപെടാനും കിട്ടിയ അവസരം ഭാഗ്യമായി കാണുകയാണ് വൈദ്യർ. മറക്കില്ലൊരിക്കലും ഈ മഹാനായ നേതാവിനെ എന്ന് പറയുമ്പോൾ രവീന്ദ്രൻ വൈദ്യരുടെ കണ്ണ് നനഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.