കോട്ടയം: രാജ്യസഭ സീറ്റ് വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലുറച്ചുനിന്നത് കേരള കോൺഗ്രസ് എമ്മിന് നേട്ടമായി. മറ്റ് മുന്നണികളിൽ നിന്നുള്ള ക്ഷണം ഇടതുമുന്നണിയെ അറിയിച്ചതിനൊപ്പം മുന്നണിമാറ്റത്തിൽ തങ്ങൾക്ക് നഷ്ടം മാത്രമാണുണ്ടായതെന്ന ആവർത്തിച്ചുള്ള പരാതിയും അവർക്ക് ഗുണം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ എൽ.ഡി.എഫിന് ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് നിലവിലെ സാഹചര്യത്തിൽ താങ്ങാൻ കഴിയാത്തതും കേരള കോൺഗ്രസ് എമ്മിന് നേട്ടമായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള പോര് ശക്തമാകുന്നതിനിടെ, എം.പി സ്ഥാനമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഇൻഡ്യ മുന്നണിയിലുൾപ്പെടെ തങ്ങളുടെ സാന്നിധ്യം നിർണായകമാണെന്നും നേതൃത്വത്തെ കേരള കോൺഗ്രസ് എം ബോധ്യപ്പെടുത്തി.
മുൻമന്ത്രി കെ.എം. മാണിയുടെയും കുട്ടിയമ്മയുടെയും മകനായി പാലായിലാണ് ജോസ് കെ.മാണിയുടെ ജനനം. ഏർക്കാട് മോണ്ട്ഫോർട്ട് സ്കൂളിൽനിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മദ്രാസ് ലയോള കോളജിൽനിന്നാണ് ബിരുദം നേടിയത്. പി.എസ്.ജി കോളജ് ഓഫ് ടെക്നോളജിയിൽനിന്ന് എം.ബി.എ ബിരുദവും നേടി. യൂത്ത് ഫ്രണ്ടിലൂടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയത്. 2009ൽ കോട്ടയത്തുനിന്ന് എം.പിയായി ലോക്സഭയിലെത്തി. 2014ലും എം.പിയായി. ഈ കാലഘട്ടത്തിൽ പല പാർലമെന്റ് സമിതികളിലും അംഗമായി. 2018 ജൂലൈയിൽ യു.ഡി.എഫ് പ്രതിനിധിയായി രാജ്യസഭയിലെത്തി. മാണിയുടെ നിര്യാണത്തെ തുടർന്ന് പാർട്ടി ചെയർമാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.