കോട്ടയം: ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രത്യേക ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക് നിർദേശം. കലക്ടർ വി. വിഘ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. മലയോര പ്രദേശത്തേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ പൊലീസ്, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി, ആരോഗ്യം - റവന്യൂ-തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് നിർദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വകുപ്പുകൾ സജ്ജമായിരിക്കാനും മൂന്നുദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കാനും നിർദേശിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മൂന്നുദിവസത്തേക്ക് മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കും. കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നോഡൽ ഓഫിസറെയും നിയോഗിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് സജ്ജമായിരിക്കാനും നിർദേശിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, എ.ഡി.എം ജി.നിർമൽ കുമാർ, ജില്ല മെഡിക്കൽ ഓഫിസർ എൻ. പ്രിയ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.