കറുകച്ചാൽ: ടൗണിെൻറ ഹൃദയഭാഗത്ത് നിൽക്കുന്ന കൂറ്റൻ താന്നിമരം വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പരിസ്ഥിതി സ്നേഹികൾ. ബസ്സ്റ്റാൻഡിന് സമീപം പി.ഡബ്ല്യു.ഡി റോഡിനോട് ചേർന്നുനിൽക്കുന്ന താന്നിമരം ഇത്രയും കാലവും സംരക്ഷിക്കപ്പെട്ടിരുന്നു. റോഡ് വികസനം നടത്തിയപ്പോൾപോലും മരം മുറിച്ചുമാറ്റിയില്ല. മരത്തിന് ചുവട്ടിലായി ഓട്ടോസ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ചുവട്ടിൽ കേടുള്ളതിനാൽ മരം അപകടാവസ്ഥയിലാണെന്ന് കാട്ടി രണ്ടുമാസം മുമ്പാണ് ചില വ്യാപാരികൾ ആർ.ഡി.ഒക്കും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയത്. ഇതേ തുടർന്ന് വിവിധ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി മരംമുറിച്ചു മാറ്റാൻ ഉത്തരവ് നൽകുകയായിരുന്നു. എന്നാൽ, ജില്ല ട്രീ അതോറിറ്റി അധികൃതരെത്തി പരിശോധന നടത്തി മരം ആരോഗ്യമുള്ളതാണെന്നും കണ്ടെത്തി. ഇനിയും 30 വർഷം മരം ഇതേ രീതിയിൽ നിൽക്കാനുള്ള ആരോഗ്യമുണ്ടെന്നാണ് ഇവർ പറയുന്നത്. ചിലരുടെ സ്ഥാപിത താൽപര്യങ്ങൾക്കായി മരം വെട്ടിമാറ്റാനാണ് ശ്രമമെന്ന് ട്രീ അതോറിറ്റി അംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ കേരള വനംഗവേഷണ കേന്ദ്രം അധികൃതരെത്തി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ട്രീ അതോററ്റി അംഗങ്ങൾ സോഷ്യൽ ഫോറസ്ട്രി ഓഫിസർക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.