ഭക്ഷ്യ എണ്ണകള്‍ക്കും തീവില: രാജ്യത്തേക്ക് എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനം റഷ്യയില്‍നിന്നും 20 ശതമാനം യുക്രെയ്നിൽ നിന്നും

കോട്ടയം: സൂര്യകാന്തിക്ക് പുറമേ, മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കുതിക്കുന്നു. സൂര്യകാന്തി എണ്ണയുടെ വിലയില്‍ ഒന്നരമാസത്തിനിടെ 40 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇപ്പോള്‍ 200 രൂപയോളമാണ് വില്‍പന വില. യുക്രെയ്ന്‍ യുദ്ധത്തെ തുടർന്നായിരുന്നു സൂര്യകാന്തിക്ക് വില കുതിർച്ചുയർന്നത്. രാജ്യത്തേക്ക് എത്തുന്ന സൂര്യകാന്തി എണ്ണയുടെ 70 ശതമാനം റഷ്യയില്‍നിന്ന് 20 ശതമാനം യുക്രെയ്നിൽ നിന്നുമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ബാക്കി 10 ശതമാനം സൂര്യകാന്തി എണ്ണ വിവിധ രാജ്യങ്ങളില്‍നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധംമൂലം വിതരണ ശൃംഖല തടസ്സപ്പെട്ടു. ഇതാണ് വില ഉയരാൻ കാരണം. വാണിജ്യ മന്ത്രാലയത്തിന്‍റെ 2019-2020ലെ കണക്കുകൾ അനുസരിച്ച്, ഇന്ത്യക്കാര്‍ പ്രതിവര്‍ഷം മൊത്തം 25മില്യൺ ടണ്‍ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നുണ്ട്.എന്നാൽ, രാജ്യത്ത് പ്രതിവര്‍ഷം 50,000 ടണ്‍ എണ്ണ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ, മുഴുവന്‍ ആവശ്യകതയും നിലനിര്‍ത്തുന്നതിന് അന്താരാഷ്ട്ര ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്.

വെളിച്ചെണ്ണക്കും വില ഉയരുകയാണ്. വെളിച്ചെണ്ണ വില കമ്പനികള്‍ മാറുന്നതനുസരിച്ച് 200-240 രൂപ വരെയാണ്. വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്ന കേര ഫെഡിന്‍റെ കേര എണ്ണ പല കാരണങ്ങളാല്‍ വിപണിയില്‍നിന്ന് തുടര്‍ച്ചയായി അപ്രത്യക്ഷമാകുന്നതും തിരിച്ചടിയാകുന്നുണ്ട്. ഇത് മുതലെടുത്ത് സ്വകാര്യ കമ്പനികള്‍ ഗുണനിലവാരം കുറഞ്ഞ എണ്ണ പോലും ഉയര്‍ന്ന വിലക്ക് വില്‍ക്കുകയാണ്.

പാമോയില്‍ വില 30 രൂപയോളം വര്‍ധിച്ച് 170 രൂപ വരെയായി. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന തവിട്എണ്ണ പോലും 160 രൂപയായിരിക്കുകയാണ്. ഇത് ഹോട്ടലുകൾക്കൊപ്പം സാധാരണക്കാർക്കും തിരിച്ചടിയായിരിക്കുകയാണ്.

Tags:    
News Summary - Prices of edible oils also went up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.