മത്തി

മത്തി വില 100ൽ: ഉയർന്നുചാടിയ മീൻ വില താഴേക്ക്

കോട്ടയം: ഇരുനൂറും കടന്ന് മുന്നേറിയ മത്തി ഒടുവിൽ സാധാരണക്കാരുടെ 'കൈയെത്തുംദൂരത്ത്'. മീൻവരവ് ഏറിയതോടെ മത്സ്യത്തിന് വിലയിടിവ്. മത്തി, അയല, കിളി തുടങ്ങിയ മീനുകൾക്കെല്ലാം വില കുറഞ്ഞു. മീന്‍ വില ട്രോളിങ്ങ് നിരോധന കാലത്ത് കുതിച്ചുയര്‍ന്നിരുന്നു. സാധാരണക്കാർ ഏറ്റവും കൂടുതലായി വാങ്ങിയിരുന്ന മത്തിക്ക് 200 കടന്നിരുന്നു. കിളി, അയല, ശീലാവ്, കടല്‍ വരാല്‍ എന്നിവയുടെയെല്ലാം വില 200 കടന്നിരുന്നു. ഒഴുവല്‍, പൂത്താലി പോലുള്ള ഇനങ്ങള്‍ക്കും 150 രൂപയോളമെത്തി. ട്രോളിങ്ങ് നിരോധനം കഴിഞ്ഞ് വില കുറയുമെന്നായിരുന്നു സാധാരണക്കാരുടെ പ്രതീക്ഷയെങ്കിലും കാര്യമായ തോതിൽ മീന്‍ എത്താത്തതിനാൽ വില ഉയര്‍ന്നു തന്നെയായിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമായതോടെ കടലിൽ പോകുന്നവരുടെ എണ്ണം വർധിക്കുകയും ഇവർക്കെല്ലാം മത്സ്യം സുലഭമായതുമാണ് ഇപ്പോൾ വിലക്കുറവിലേക്ക് എത്തിയിരിക്കുന്നത്. ലഭ്യത വർധിച്ചതോടെ കോട്ടയം അടക്കമുള്ള സ്ഥലങ്ങളിലേക്കും വലിയതോതിൽ മീൻ എത്തിത്തുടങ്ങി.

ബുധനാഴ്ച ജില്ലയുടെ പല ഭാഗങ്ങളിലും ഒരുകിലോ മത്തിക്ക് 100 രൂപയായിരുന്നു വില. ചെറിയ മത്തി ഒന്നര കിലോക്ക് 100 രൂപക്കും ചിലർ വിറ്റു. എന്നാൽ, വിലക്കുറവ് കാര്യമാക്കാത്ത കച്ചവടക്കാരിൽ ചിലർ വലിയ മത്തിക്ക് 150- 180 രൂപ എന്ന നിലയിലായിരുന്നു വിൽപന. അയല വിലയും കുറഞ്ഞു ശരാശരി 100 രൂപയാണ്. കിളിവില 100- 150 രൂപയിലാണ്. ശീലാവ്, കടല്‍വരാല്‍,ഒഴുവല്‍ തുടങ്ങിയവയുടെ വിലയും 150 രൂപക്ക് താഴെയാണ്.

അതേസമയം വലിയ മീനിന്‍റെ വിലയില്‍ കാര്യമായ കുറവില്ലെന്ന് വാങ്ങാനെത്തിയവർ പറയുന്നു. കേര വില 300 രൂപക്ക് മുകളിലാണ്. വറ്റ, വിള എന്നിവ വാങ്ങണമെങ്കിലും 400നു മേൽ പണം മുടക്കണം. ചെറിയ മീനുകളുടെ ലഭ്യത കൂടിയെങ്കിലും വലിയ ഇനങ്ങൾ കാര്യമായി ലഭിക്കാത്തതാണ് വില ഉയർന്നുനിൽക്കാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

മീൻ വില കുറഞ്ഞതോടെ കച്ചവടക്കാരുടെ എണ്ണവും വർധിച്ചു. വഴിയോരങ്ങളില്‍ ഫ്രഷ് മീന്‍ വില്‍ക്കുന്നവരുടെ എണ്ണമേറി. പുറക്കാട്, തോട്ടപ്പള്ളി, നീണ്ടകര, മുനമ്പം, വൈപ്പിന്‍ എന്നിവിടങ്ങളില്‍നിന്ന് നേരിട്ട് എത്തിക്കുന്ന മീനാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്. വഴിയോരങ്ങളില്‍ തട്ടിട്ട് മീന്‍ വില്‍ക്കുന്നവരുടെ എണ്ണവും കൂടി. വില കുറഞ്ഞതോടെ കച്ചവടവും വർധിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു.

Tags:    
News Summary - price of fish is falling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.