കോട്ടയം: ട്രോളിങ് നിരോധനത്തെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയരുന്നു. കിലോ 200 രൂപയില്‍ താഴെയുണ്ടായിരുന്ന അയലയുടെ വില 400 കടന്നു. മഞ്ഞ വറ്റയുടെ വില 500 രൂപയിലെത്തി. ചെമ്മീൻ, കല്ലൻവറ്റ എന്നിവയുടെ വിലയും നാനൂറിന് മുകളിലാണ്. മത്തി-360, ചൂര-300, കിളിമീൻ-440, കേര-540, സിലോപ്പി-200, വറ്റ-540 (പീസ്-800), കൊഴുവ-240, പിരാന -260 എന്നിങ്ങനെയാണ് മറ്റു മീനുകൾ വിൽക്കുന്നത്.
കേര, തള തുടങ്ങിയ വലിയ മത്സ്യങ്ങളൊന്നും പ്രാദേശികമായി വിപണിയില്‍ ലഭിക്കുന്നില്ല. കടല്‍മത്സ്യങ്ങള്‍ക്ക് വില ഉയർന്നതോടെ വളർത്തുമത്സ്യങ്ങള്ക്കാണ് ഇപ്പോള്‍ ഡിമാൻഡ്. വാള, പിരാന, സിലോപ്പിയ തുടങ്ങിയ വളർത്തുമത്സ്യങ്ങള്ക്കെല്ലാം ആവശ്യക്കാരേറി. കരിമീൻ, നെയ് മീൻ എന്നിവക്കും പൊള്ളുന്ന വിലയാണ്.
കാലവർഷവും കടൽക്ഷോഭവും കപ്പലപകട നിയന്ത്രണങ്ങളും മത്സ്യലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. ട്രോളിങ് നിരോധനം തുടങ്ങുകയും കടൽ പ്രക്ഷുബ്ധമാകുകയും ചെയ്തതോടെ പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യലഭ്യത കുറഞ്ഞു. ഇതോടെ തീരദേശ-കായൽ മത്സ്യങ്ങൾക്കും വിലകൂടി.
തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യങ്ങളുടെ വരവ് നേരത്തേ തന്നെ നിലച്ചിരുന്നു. ഇതിനുപുറമെയാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം കൂടി എത്തിയത്. ഇതോടെ മത്സ്യലഭ്യത കുറഞ്ഞു. കടല്‍ക്ഷോഭം മൂലം വള്ളക്കാരും കടലില്‍ പോകാതായതോടെ മത്സ്യവരവ് തന്നെ പേരിന് മാത്രമായി.
മത്സ്യലഭ്യത കുറഞ്ഞത് ചെറുകിട കച്ചവടക്കാരെ മേഖലയില്‍നിന്ന് താൽക്കാലികമായി പിൻവാങ്ങാൻ ഇടയാക്കി. വിവിധയിടങ്ങളിൽ ചെറുകടകളെല്ലാം അടച്ചിരിക്കുകയാണ്. വീടുകള്‍തോറും മത്സ്യമെത്തിച്ചിരുന്നവരിൽ പലരും താൽക്കാലികമായി വിൽപന നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.