അറക്കപ്പൊടി കിട്ടാനില്ല; കോഴിവളർത്തൽ മേഖല പ്രതിസന്ധിയിൽ

കോട്ടയം: അറക്കപ്പൊടിയുടെ ലഭ്യതക്കുറവും വിലവർധനയും കോഴിവളർത്തൽ മേഖലയെ പ്രതിസന്ധിയിലാക്കി. കോഴിവളർത്തൽ മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ് അറക്കപ്പൊടി. എന്നാൽ വില വർധിപ്പിച്ചതും ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ഒരുവിധം സാമ്പത്തിക നേട്ടമുണ്ടാക്കാനാകും വിധം നീങ്ങിക്കൊണ്ടിരിക്കവേ പക്ഷിപ്പനി, നീർനായ്, കുറുനരി, തെരുവുനായ്ക്കൾ എന്നിവയുടെ ആക്രമണങ്ങൾ മൂലം കോഴിവളർത്തൽ പ്രതിസന്ധിയിലായിരുന്നു.

ഈ അവസ്ഥ രൂക്ഷമാക്കുന്ന നിലക്കാണ് ഇപ്പോൾ അറക്കപ്പൊടിയുടെ വിലവർധനയും ക്ഷാമവും. യാതൊരു മുന്നറിയിപ്പുമില്ലാതെ അറക്കപ്പൊടിയുടെ വില ഇരട്ടിയാക്കിയിരിക്കുകയാണ്. ഇത് കാർഷിക മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പുവരെ ഒരുചാക്ക് അറക്കപ്പൊടിക്ക് 60 രൂപയിൽ താഴെയായിരുന്നു വില. എന്നാൽ ഇപ്പോൾ 120 രൂപക്ക് മുകളിലാണ് വില. കേരളത്തിലെ മില്ലുകളിൽ നിന്നുൾപ്പെടെ അറക്കപ്പൊടി വലിയതോതിൽ തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയതാണ് വിലവർധനക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇതരസംസ്ഥാനങ്ങളിലെ ഫാക്ടറികളിൽ ബോയിലറുകൾ കത്തിക്കാനായാണ് ഇത് കൊണ്ടുപോകുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. കേരളത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കോഴി വളർത്തൽ മേഖല ശക്തി പ്രാപിച്ചുവരികയാണ്. സർക്കാറിന്റെ വിവിധ പദ്ധതികൾ റബർ തോട്ടങ്ങളെ ഉൾപ്പെടെ കോഴിഫാമുകളാക്കിമാറ്റിയിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.

സംസ്ഥാനത്ത് കോഴിഫാമുകൾ ആരംഭിക്കുന്നതിന് ഒട്ടേറെ കടമ്പകളുള്ളത് ഈ മേഖലക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെങ്കിലും നല്ല വിലയും ആദായവും ലഭിക്കുന്നത് പലരെയും ഈ മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതിനാൽ നല്ല കോഴികൾ സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിക്കാനും വിപണനം നടത്താനും സാധിക്കുന്നുണ്ട്. മുൻകാലങ്ങളിൽ തമിഴ്നാട് ഉൾപ്പെടെ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കോഴികൾ വന്നുകൊണ്ടിരുന്നത്.

അതിനാൽ വിലവർധനയും നിത്യസംഭവമായിരുന്നു. എന്നാൽ ഇവിടെ ഹാച്ചറികൾ വർധിച്ചതോടെ കോഴിവളർത്തൽ ലാഭകരമായി തീരുകയും സംസ്ഥാനത്ത് തന്നെ വരുമാനം നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഈ രീതിയിൽ വില വർധിക്കുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും കോഴിവളർത്തൽ പ്രതിസന്ധിയിലാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കേരളത്തിൽ കോഴിവളർത്തൽ ശക്തി പ്രാപിച്ചത് തങ്ങൾക്ക് ഭീഷണിയാകുമോ എന്ന ഭയം മൂലം തമിഴ്നാട് ആസ്ഥാനമായുള്ള വൻകിട ഹാച്ചറികളുടെ ഇടപെടൽ വിലവർധനവിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തേക്ക് അറക്കപ്പൊടി കൊണ്ടുപോകുന്ന വാഹനങ്ങൾ തടയാനാണ് കർഷകരുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Poultry sector in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.