കോട്ടയം: പൈനാപ്പിൾ മൊത്തവിപണിയിൽ വൻ ഇടിവുണ്ടായിട്ടും പഴക്കടകളിൽ വില ഉയർന്നുതന്നെ. ഒരു കിലോ പൈനാപ്പിളിന്റെ വിലയില്‍ കഴിഞ്ഞ 25 ദിവസത്തിനിടെ 30 രൂപയുടെ കുറവാണുണ്ടായത്. പൈനാപ്പിളിന്റെ വില നിശ്ചയിക്കുന്ന വാഴക്കുളം മാര്‍ക്കറ്റില്‍ പഴത്തിന് വില കുത്തനെ കുറഞ്ഞു.
പൈനാപ്പിൾ പഴത്തിന് കിലോക്ക് 22-24 രൂപ വരെയാണ് മൊത്തവില. പച്ചക്ക് 20-22 രൂപയും. എന്നാൽ, മൊത്ത മാര്‍ക്കറ്റില്‍ വില ഇടിഞ്ഞുവെങ്കിലും ഒരു കിലോ പൈനാപ്പിള്‍ സാധാരണക്കാരന് വാങ്ങണമെങ്കില്‍ 45-55 രൂപ നല്‍കണം. ഇടനിലക്കാരുടെ ചൂഷണമാണ് ചില്ലറ വിൽപനശാലകളിലെ ഉയർന്ന വിലക്ക് കാരണമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. വില ഇടിഞ്ഞത് പൈനാപ്പിള്‍ കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നുമുണ്ട്. 2021നുശേഷം വില ഇത്രയും താഴുന്നത് ആദ്യമാണ്. നേരത്തെ പഴത്തിന് 58 രൂപയും പച്ചക്ക് 52 രൂപവരെയും ലഭിച്ചിരുന്നു.
ഉത്തരേന്ത്യന്‍ വിപണിയില്‍ വിലയിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മാമ്പഴം, തണ്ണിമത്തൻ എന്നിവയുടെ ലഭ്യത വർധിച്ചതും പൈനാപ്പിൾ വിപണിയെ ബാധിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡിമാന്റ് വര്‍ധിക്കേണ്ടതാണെന്നും ഇടനിലക്കാര്‍ മനപൂര്‍വം വിലയിടിക്കുകയാണെന്നും ആക്ഷേപവുമുണ്ട്.
പൊന്‍കുന്നം, ളാക്കാട്ടൂര്‍, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മണര്‍കാട്, അയര്‍ക്കുന്നം, മറ്റക്കര, അമയന്നൂര്‍, നെടുംകുന്നം തുടങ്ങി മേഖലകളിലാണ് ജില്ലയില്‍ കൈതകൃഷി ഏറെയുള്ളത്. വേനല്‍ വില്ലനായതോടെ പൈനാപ്പിള്‍ കൃഷി നശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിലയിടിവിന്റെ ദുരിതവും കർഷകരെ തേടിയെത്തിയിരിക്കുന്നത്.
മഴ പെയ്തിട്ടും ചൂട് കുറയാതെ നിന്നത് ഉൽപാദനത്തെ ബാധിച്ചിരുന്നു. മാര്‍ച്ചിലും ഈ മാസം തുടക്കത്തിലും മികച്ച വില ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും കൈതച്ചെടികള്‍ കനത്തചൂടില്‍ കരിഞ്ഞുണങ്ങുന്നത് വെല്ലുവിളിയായിരുന്നു. നോമ്പ് തുറകള്‍ക്ക് അടക്കം കൈതച്ചക്കക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തിലും വേണ്ടത്ര പഴം എത്തിക്കാന്‍ കഴിഞ്ഞില്ല. വേനലിനെ നേരിടാന്‍ മുന്നൊരുക്കം നടത്തിയിട്ടുപോലും ഉൽപാദനം പകുതിയായി കുറഞ്ഞെന്ന് കര്‍ഷകര്‍ പറയുന്നു.
കോവിഡ് കാലത്ത് വലിയവില തകര്‍ച്ചയാണ് വിപണിയില്‍ ഉണ്ടായത്. ഇതില്‍നിന്നും വിപണി കരകയറി വരുന്നതിനിടെയാണ് വേനലും പിന്നാലെ വിലയിടിവും ഇരുട്ടടിയാകുന്നത്. ഇടമഴ ലഭിച്ചുവെങ്കിലും പകല്‍ സമയത്തെ ചൂടില്‍ ചെടികള്‍ ഉണങ്ങി മഞ്ഞനിറമാകുകയും പഴം വലിപ്പം എത്താതെ നശിക്കുന്നതു കര്‍ഷക നഷ്ടം ഇരട്ടിപ്പിച്ചിരുന്നു. പാട്ട വ്യവസ്ഥയിലാണ് പലയിടത്തും കൃഷി നടത്തുന്നത്. ഇതിന്റെ തുകക്കൊപ്പം കൂലിചെലവും വർധിച്ചതോടെ കൃഷി ആദായകരമല്ലാത്ത നിലയിലാണ്. ഇതിനിടെയാണ് വിലയിടിവിലെ പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.