കോട്ടയം: പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള ‘പേവിഷ വിമുക്ത കോട്ടയം’ പദ്ധതിക്ക് തുടക്കമായി. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.
മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. തെരുവ് നായ്കളെ വന്ധ്യംകരിക്കുന്നതിന് പോർട്ടബിൾ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ) സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന 15 സെന്ററുകൾക്ക് പുറമേയാണിത്. പുതിയതായി 15 എ. ബി. സി. സെന്ററുകൾ പൂർത്തിയായി വരുന്നതായും ചിഞ്ചുറാണി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പേവിഷ വിമുക്ത കേരളം പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്.
ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് നടപ്പാക്കുന്ന ‘റാബിസ് ഫ്രീ കേരള പദ്ധതി’യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
റാബീസ് ടാസ്ക് ഫോഴ്സ് വാഹനത്തിന്റെ താക്കോൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. മനോജ് കുമാറിനും കാവ പ്രതിനിധികൾക്കും കൈമാറി.
പേവിഷബാധ വിമുക്ത കോട്ടയം ലഘുപത്രിക കലക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. പേവിഷബാധ വിമുക്ത കോട്ടയം ധാരണ പത്രം മന്ത്രി ജെ. ചിഞ്ചുറാണി കാവ പ്രതിനിധികൾക്ക് കൈമാറി.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി. ഷാ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. കെ. ആനന്ദ് കുമാർ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.കെ. മനോജ്കുമാർ, കാവ കാമ്പയിൻ ഡയറക്ടർ ഡോ. പ്രാപ്തി ബജാജ്, ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽ കുമാർ, മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.