കോട്ടയം: നഗരസഭയുടെ കോടിമത അറവുശാലയിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ വിശദ പദ്ധതിരേഖക്ക് (ഡി.പി.ആർ) ശുചിത്വമിഷന്റെ സാങ്കേതിക അനുമതിയായി. കഴിഞ്ഞ ജൂൺ 15നാണ് ഡി.പി.ആർ ശുചിത്വമിഷന് സമർപ്പിച്ചത്.
ഇനി പദ്ധതിച്ചെലവിന് ഭരണാനുമതി ലഭിക്കണം. അപാകതകൾ തിരുത്തി മൂന്നാംതവണ നൽകിയ ഡി.പി.ആറാണ് അംഗീകരിച്ചത്. മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണത്തിന് അനുമതി വൈകുന്നതാണ് അറവുശാല തുറക്കാനാവാത്തതിനു കാരണമെന്നും പ്ലാന്റ് നിർമാണം ആരംഭിച്ചാൽ ഏഴുമാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നും മുനിസിപ്പൽ സെക്രട്ടറി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നഗരസഭയുടെ അറവുശാല തുറക്കാത്തതിനെതിരെ ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.
30 കെ.എൽ.ഡി ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റാണ് നിർമിക്കുക. ദിനംപ്രതി 50 വലിയ മൃഗങ്ങൾ, 15 ഇടത്തരം മൃഗങ്ങൾ, അഞ്ച് ചെറിയ മൃഗങ്ങൾ എന്നിങ്ങനെ കണക്കാക്കിയാണ് പ്ലാന്റിന്റെ ശേഷി. അതിൽ കൂടുതൽ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ പാടില്ല. 2.22 കോടി രൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സർക്കാർ അംഗീകൃത ഏജൻസിയായ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി) ആണ് പ്ലാന്റ് സ്ഥാപിക്കുക. ബഹുവർഷ പദ്ധതിയായാണ് ഫണ്ട് അനുവദിക്കുക. പ്ലാന്റ് നിർമിക്കാൻ ആദ്യം താൽപര്യമറിയിച്ചുവന്നത് ശുചിത്വമിഷന്റെ അംഗീകൃത ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആയിരുന്നു. എന്നാൽ, സിംഗിൾ ടെൻഡർ ആയതിനാൽ ഒഴിവാക്കി.
പുതിയ ഡി.പി.ആർ സമർപ്പിക്കാൻ ആവശ്യപ്പെടുകയും കാലാവധി നീട്ടിനൽകുകയും ചെയ്തു. പിന്നീട് സ്ഥാപനം ഇ.ടി.പി സ്ഥാപിക്കാൻ താൽപര്യമില്ല എന്ന് അറിയിച്ചു. തുടർന്നാണ് ഐ.ആർ.ടി.സിയെ നിയോഗിച്ചത്. ഇവർ നൽകിയ ആദ്യ ഡി.പി.ആറിലും അപാകതകളുണ്ടായിരുന്നു. അത് പരിഹരിച്ചാണ് പുതിയ ഡി.പി.ആർ നൽകിയത്. 20 വര്‍ഷം മുമ്പ് നഗരസഭ ആലോചിച്ചു തുടങ്ങുകയും വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം ആരംഭിക്കുകയും നാലു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്ത അറവുശാലയാണ് എങ്ങുമെത്താതെ കിടക്കുന്നത്. 2019ലാണ് ഇതിനെതിരെ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.